നിത്യജീവിതത്തിന് തിരിച്ചടി; അരി, പഞ്ചസാര, മുളക് വില കൂടി, ഉഴുന്ന് വില 150-ലേക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം: സാധാരണക്കാരന് തിരിച്ചടിയായി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ കൂടി 53-രൂപയായി. ചില്ലറവില്പനയിൽ 8-10 രൂപവരെ കൂടുതൽ നൽകേണ്ടി വരുന്നു. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര എന്നിവയ്ക്കും വില കൂടുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് പുറമേയാണ് മലയാളിയുടെ നിത്യജീവിതത്തിന് തിരിച്ചടിയായി അരി, പലവ്യഞ്ജനം പോലുള്ള അത്യാവശ്യ സാധനങ്ങൾക്ക്‌ വില വർധനയുണ്ടാകുന്നത്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് മുളക്, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനുള്ള പ്രധാനകാരണമെന്ന് വ്യാപാരികൾ പറയുന്നു. ചില മേഖലകളിൽ മഴ കൃഷിനാശത്തിന്‌ കാരണമായെങ്കിൽ ചിലയിടത്ത് മഴ കുറഞ്ഞതും വില്ലനായി.

അരിയിൽ വൻ തിരിച്ചടി

അരിക്കച്ചവടത്തിൽ സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കുത്തരി, ചാക്കരി വില മൊത്തവിപണിയിൽ കിലോയ്ക്ക് നാല് രൂപ വരെ കൂടി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മട്ട ചില്ലറവിപണിയിൽ കിലോയ്ക്ക് 50 രൂപയിൽനിന്ന് 65 രൂപയായി ഒറ്റയടിക്ക് വർധിച്ചു. സുലേഖ അരി 45-ൽനിന്ന് 55 രൂപയായും ജയ അരിക്ക് 45-ൽ നിന്ന് 54 രൂപയായും ഉയർന്നു. അരിവില വർധിച്ചതോടെ ഹോട്ടലുകളിൽ ഊണിന് വില വർധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന.

ദീപാവലി

ഉഴുന്ന് വിലകൂടി തുവരപ്പരിപ്പിന് 170 രൂപാ വിലയാകുമ്പോൾ സാധാരണ പരിപ്പിന് 70 രൂപയാണ് വില. ദീപാവലിക്കാലമായതോടെ ഉഴുന്നിന്റെ വിലയും വർധിച്ചു. രണ്ടാഴ്ചയ്‌ക്കിടയിൽ രണ്ട് പ്രാവശ്യമായി 12 രൂപ വർധിച്ച് മൊത്ത വില 138 ആയി ഉയർന്നപ്പോൾ പലയിടത്തും ഉഴുന്നിന്റെ ചില്ലറവില 150 കടന്നതാണ് അവസ്ഥ. 230-ൽനിന്നാണ്‌ മുളക് വില 360-ലേക്ക്‌ കുതിച്ചത്. മഞ്ഞൾ 180-ൽനിന്ന് 300 രൂപയായി വർധിച്ചു. കടലയ്ക്ക് പത്ത് രൂപ വരെ വർധിച്ച് 95 രൂപയായി.

വിലകൂടിയതിൽ വൻപയറുമുണ്ട്. വില 120 രൂപ. പഞ്ചസാര വില കൂടുകയാണ്. ഓണത്തിന് 70 രൂപയുണ്ടായിരുന്ന പഞ്ചസാര വില കഴിഞ്ഞ മാസം 50-ൽ എത്തിയിരുന്നെങ്കിലും വീണ്ടും കൂടാൻ തുടങ്ങി. 54 രൂപയാണ് മൊത്തവിപണിയിലെ വില.

ഗോതമ്പിനും വിലവർധന

നിലവിൽ സ്റ്റോക്കുള്ള ഗോതമ്പ് പൊടിക്ക് മൊത്തവില 38 രൂപയാണെങ്കിൽ പുതിയ സ്റ്റോക്ക് എത്തുമ്പോൾ വില രണ്ട് രൂപ വരെ വർധിക്കും. റവയ്‌ക്ക്‌ നിലവിൽ കിലോയ്ക്ക് 47 രൂപയാണ് വില.