'വൈദ്യുതി പ്രതിസന്ധിയുണ്ട്', കൊമ്പുകോർത്ത് മന്ത്രി സണ്ണി ജോസഫ്;'ഞാനെല്ലാം അറിയുന്നത് പത്രങ്ങളിലൂടെ'

#അനിഷ് ജേക്കബ്
സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി
സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന ബോർഡിന്റെ വാദം തള്ളി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി നേരിടാൻ ദീർഘകാല കരാർ ആവശ്യമാണ്. പ്രതിസന്ധി ഇല്ലെന്നു പറയുന്നത് ജി.എൻ.എ. കരാറിൽനിന്ന് ഒഴിവാകാനുള്ള ന്യായീകരണമാണെന്നും മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.

രണ്ടുമാസത്തേക്കു പ്രതിസന്ധിയില്ലെന്ന ബോർഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, സ്വകാര്യ ഒ.ടി.സി. പ്ലാറ്റ്ഫോമായ ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിക്കുകയായിരുന്നു. ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതിവാങ്ങാൻ ബോർഡും മന്ത്രിയും ജി.എൻ.എ.യിൽനിന്ന് വാങ്ങാൻ മുഖ്യമന്ത്രിയും നിലപാട് എടുത്തതുമുതൽ തുടങ്ങിയ അഭിപ്രായവ്യത്യാസമാണിപ്പോൾ കടുത്തത്.

ഹിമാചലിൽനിന്ന് വാങ്ങുന്നതാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തിന്റെ നിലപാടിനൊപ്പമായിരുന്നു ആദ്യംമുതൽ മന്ത്രി. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്കു വിട്ടപ്പോൾ ബോർഡിന്റെ നിർദേശം തള്ളി ണ്ടജി.എൻ.എ.യിൽനിന്ന് വാങ്ങാനുള്ള തീരുമാനമാണുണ്ടായത്. ഈ കരാറിന് മുൻകൈയെടുത്ത പുനീത് കുമാറിനെ ഊർജസെക്രട്ടറിയായും നിയമിച്ചു. ഇതോടെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രണ്ടുതട്ടിലായി.

ജി.എൻ.എ.യുമായുള്ള കരാർ നിയമാനുസൃതമല്ലാത്തതിനാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി കിട്ടില്ലെന്ന വിലയിരുത്തലും വിവാദവും ശക്തമായതോടെയാണ് കരാറുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിൽ മുഖ്യമന്ത്രിയെത്തിയത്.

അഭിമുഖം

ഹിമാചലിൽനിന്നുള്ള വൈദ്യുതിയെന്ന നിർദേശം എങ്ങനെയാണ് വന്നത്

വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾത്തന്നെ അതുമറികടക്കാനുള്ള ആലോചന കെ.ണ്ടഎസ്.ഇ.ബി. തലത്തിലും സർക്കാർ തലത്തിലും നടത്തിയിരുന്നു. ഹിമാചലിൽ കോൺഗ്രസ് സർക്കാരായതിനാൽ മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ടു. അവിടത്തെ മുഖ്യമന്ത്രിയുമായി ഇരുവരും സംസാരിച്ചിട്ടുണ്ട്. അന്ന് ഹിമാചൽ വൈദ്യുതി എല്ലാവർക്കും വേണമായിരുന്നു. അന്ന് പ്രതിസന്ധി ഒഴിവായത് അവിടെനിന്ന് കിട്ടിയതിനാലാണ്.

പ്രതിസന്ധിയുണ്ടോ? രണ്ടുമാസത്തേക്ക് മിച്ചമാണെന്നാണല്ലോ പറയുന്നത്

ഇന്നലത്തെ സ്ഥിതിയെന്താണ്? ഇവിടെ മഴയുണ്ടായി, ഡൽഹിയിൽ തണുപ്പും. 800 മെഗാവാട്ട് വാങ്ങി. ഓരോ ദിവസവും ഭയപ്പാടാണ്. ആറുമാസത്തേക്കെങ്കിലുമുള്ള കരാർ വേണം. എൻ.ടി.പി.സി.യുടെ സിന്നാർ നിലയത്തിൽനിന്ന് ചോദിച്ചപ്പോൾ 300 മെഗാവാട്ട് തരാമെന്നാണ് പറഞ്ഞത്. 270 മെഗാവാട്ടിന്റെ രണ്ട് സ്ലോട്ട് നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. കാസർകോട് മൈലാട്ടിയിൽ 500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജും ആയില്ല. കരാറെടുത്തയാൾ ബാറ്ററിക്ക് ഇടക്കാലത്ത് വില കൂടിയതിനാൽ പിന്നാക്കംപോയി. നേരത്തേ കരാറായ തുകയ്ക്കല്ല, നിലവിലുള്ള നിരക്ക് നൽകാമെങ്കിൽ വൈദ്യുതി തരാമെന്നാണ് കരാറുകാരന്റെ നിലപാട്. ദീർഘകാല കരാർ വേണമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

പ്രതിസന്ധിയില്ലാത്തതിനാൽ ജി.എൻ. എ. കരാർ വേണ്ടെന്നുവെച്ചല്ലോ?

വൈദ്യുതി പ്രതിസന്ധി ഉണ്ട്. മഴ ലഭിച്ചതിനാൽ പിടിച്ചുനിൽക്കുന്നുവെന്നേയുള്ളൂ. പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജി.എൻ.എ. കരാർ വേണ്ടെന്നുെവക്കാനാണ്.

ജി.എൻ.എ. കരാർ വേണ്ടെന്നുെവക്കുന്നത് എന്തുകൊണ്ടാണ്?

അതെനിക്കറിയില്ല. പത്രങ്ങളിൽ കണ്ടാണറിഞ്ഞത് എന്ന് പറഞ്ഞത് സത്യമാണ്.

നിലവിൽ വൈദ്യുതി ഉണ്ടെന്നിരിക്കേ, പ്രതിസന്ധി റിപ്പോർട്ട് ചെയ്തതിനെക്കുറിച്ച് അന്വേഷണം നടത്താനാണല്ലോ മുഖ്യമന്ത്രിയുടെ നിർദേശം?

അക്കാര്യവും പത്രത്തിൽ നിന്നാണറിഞ്ഞത്.

വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിയോട് അങ്ങോട്ടോ മുഖ്യ മന്ത്രി ഇങ്ങോട്ടോ സംസാരിക്കേണ്ടതല്ലേ?

ഇല്ല, സംസാരിച്ചിട്ടില്ല. ഞാൻ സത്യമേ പറയൂ, സത്യം എവിടെയും പറയും.

വൈദ്യുതിക്കരാറിനായി നടത്തിയ ശ്രമങ്ങളിൽ വീഴ്ചയുണ്ടായോ?

നവംബർമുതൽ മേയ് വരെയുള്ള കരാറുണ്ടാക്കാനാണ് ശ്രമിച്ചത്. ഉദ്യോഗസ്ഥരെയൊക്കെ മറ്റ് സംസ്ഥാനത്തേക്കുവിട്ടത് എല്ലാവരുമായും ആലോചിച്ചാണ്. മുഖ്യമന്ത്രിക്കും ഇക്കാര്യങ്ങളറിയാം. കൂടുതലൊന്നും പറയാനാകില്ല.

വകുപ്പുമന്ത്രിയെന്ന നിലയിൽ തീരുമാനം എടുക്കാമായിരുന്നിട്ടും ഹിമാചൽ വൈദ്യുതിയാണ് ലാഭകരമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഫയൽ അയച്ചത് എന്തുകൊണ്ടാണ്?

ചെറിയ കാലത്തേക്കല്ല, ദീർഘകാല കരാറാണ്. വലിയ ചെലവുവരും. അക്കാര്യത്തിൽ വകുപ്പ് മന്ത്രിക്കുതന്നെ തീരുമാനമെടുക്കാനാകില്ല.

Content Highlights: Power Minister Sunny Joseph asserts that a power crisis exists in Kerala., Disagreements highlighted over GNA and long-term power purchase contracts., Minister claims he learns about departmental decisions through newspapers.