അച്ചടക്കനടപടി നേരിട്ട പോലീസുകാരും പ്രശ്‌നക്കാരും ശബരിമലയിൽ വേണ്ടാ; അത്തരം ഉദ്യോഗസ്ഥരെ ഡ്യൂട്ടി പട്ടികയിൽനിന്ന് നീക്കി

#സജീവൻ പൊയ്ത്തുംകടവ്

ശബരിമല: മുൻകാലങ്ങളിൽ മോശം പെരുമാറ്റത്തിന് അച്ചടക്കനടപടി നേരിട്ടവരും സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരുമായ പോലീസ് ഉദ്യോഗസ്ഥരെ ഇനിയുള്ള ശബരിമല ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ശബരിമലയിൽ എത്തുന്നവരോട് മാന്യമായി പെരുമാറാൻ അറിയാത്തവരും മദ്യപാനികളുമായ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് അയക്കരുതെന്ന ഐ.ജി. പി. പ്രകാശിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

ശബരിമലയുടെ സോണൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി. പി. വിജയനും ഇതുസംബന്ധിച്ചുള്ള നിർദേശം നൽകി. മോശം പെരുമാറ്റമുള്ള പോലീസുകാർ ഇനിയുള്ള ശബരിമല ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കണമെന്നും എ.ഡി.ജി.പി. നിർദേശം നൽകിയിരുന്നു.

കഴിഞ്ഞദിവസം നിലയ്ക്കലിൽ തീർഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസുദ്യോഗസ്ഥൻ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി തുടങ്ങിയത്. പോലീസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും, സേനയ്ക്ക് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവികൾക്ക്‌ അയച്ച സർക്കുലർ.

ഇതേത്തുടർന്ന് സന്നിധാനത്തും പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി. ജയ്‌ദേവിന്റെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ഡിവൈ.എസ്.പി. മാരും ഇൻസ്പക്ടർമാരും പങ്കെടുത്തു. ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരോട് യാതൊരു പ്രകോപനങ്ങളും ഉണ്ടാക്കരുതെന്നും യോഗത്തിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ നിർദേശിച്ചു. ഈ മണ്ഡലകാലത്തെ രണ്ടാമത്തെ ബാച്ച് 25-ന് ചുമതലയേക്കും.

നാല് സംസ്ഥാന പോലീസ് മേധാവികൾക്ക് ശബരിമല ‘കുറിപ്പ്’

നാല് സംസ്ഥാന പോലീസ് മേധാവികൾക്ക് ശബരിമല ’കുറിപ്പ്’ നൽകി ഡി.ജി.പി. റവാഡ ചന്ദ്രശേഖർ. ശബരിമലയിലെ ക്രമീകരണങ്ങളെയും സുരക്ഷയെയും കുറിച്ച് ഡി.ജി.പി. ഫോണിൽ വിളിച്ച് സംസാരിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികളുമായിട്ടാണ് ശബരിമല വിശേഷങ്ങൾ പങ്കുവെച്ചത്.

തീർഥാടനകാലത്തെ അറിയിപ്പുകളും നിർദേശങ്ങളും പ്രാദേശിക ഭാഷകളിൽ ഭക്തരെ അറിയിക്കണം. ഇതിനായി പത്രക്കുറിപ്പുകൾ ഇറക്കിയും മറ്റും പ്രചരിപ്പിക്കണമെന്നുമാണ് ഈ മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ പോലീസ് മേധാവികൾക്ക് ഡി.ജി.പി. നിർദേശം നൽകിയത്.

Content Highlights: Police officers with a history of misconduct or alcohol issues are being removed from Sabarimala duty following an order by I.G. P. Prakash, emphasizing the need for respectful behavior towards visitors. The decision was prompted by an incident where a police officer assaulted a driver, leading to a directive from A.D.G.P. P. Vijayan to exclude officers with poor conduct from future duty rosters. D.G.P. R. Chandrasekhar issued a 'note' to police chiefs of four states, discussing Sabarimala arrangements and emphasizing the need for communication in local languages during the pilgrimage season.