ഗുണ്ടകളെ ഗ്രേഡ് തിരിച്ച് പൂട്ടാൻ ശ്രമം, റീൽസും വീരവാദവും ഇനി നടക്കില്ല; സ്റ്റേഷനുകളിൽ പ്രത്യേക ടീം

കണ്ണൂർ: ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ അവരെ കർശനമായി നിരീക്ഷിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ടീമിനെയും നിയോഗിച്ചു. ഗുണ്ടകളുടെ ‘ഗ്രേഡ്’ അനുസരിച്ച് ക്രിമിനൽരീതിയും സ്വഭാവവും നോക്കി തരംതിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഗുണ്ടാ പട്ടികയിലുള്ളവരുടെയും അവരുമായി നിരന്തരം ആശയവിനിമയംനടത്തുന്നവരുടെയും ബാങ്ക് അക്കൗണ്ടും പോലീസ് നിരീക്ഷിക്കും. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽപ്പെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ക്രിമിനൽ കേസുകളിൽപ്പെടുന്നവരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തും.
ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നുള്ള ആഘോഷവും ഇത് റീലുകളാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതും പതിവാണ്. വീരാരാധന സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യവും നിരീക്ഷിക്കും.
പോലീസിന്റെയും അന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിക്കാൻ ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഗുണ്ടകൾ ആശയവിനിമയംനടത്തുന്നതെന്നും മനസ്സിലായിട്ടിണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ നടത്തുന്നത്.
പുതിയ കേസിൽ പെട്ടാൽ ഉടൻ നടപടി
ക്വട്ടേഷൻ ഗുണ്ടകൾ, തെരുവുഗുണ്ടകൾ, റിയൽ എസ്റ്റേറ്റ്-ഭൂമാഫിയ ഗുണ്ടകൾ, ലഹരി മാഫിയ, സ്ഥിരം കുറ്റവാളികൾ എന്നിങ്ങനെയാണ് ഗുണ്ടാപട്ടിക തയ്യാറാക്കിയിരിക്കുന്നത്. പോലീസിന്റെ പട്ടികയിൽപ്പെട്ട ഗുണ്ടകൾ പുതിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉടൻ നടപടിയുണ്ടാകും. ഗുണ്ടാനിയമമോ കാപ്പയോ ചുമത്തി ജയിലിലടക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. ഗുണ്ടായിസം നിർത്തിയവരെ കണ്ടെത്തി ഭാരതീയ ന്യായസംഹിതപ്രകാരം നല്ലനടപ്പിന് അയക്കും.
ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപകമായി ഗുണ്ടാവേട്ട ആരംഭിച്ചത്. അർജുൻ ആയങ്കി ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേയും പോലീസ് ഇൻസ്പെക്ടർക്കെതിരേയും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അധിക്ഷേപവും നടത്തിയതോടെയാണ് ഗുണ്ടകൾക്കെതിരേയുള്ള ‘ഓപ്പറേഷൻ’ ശക്തമാക്കിയത്. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Kerala Police launched Operation Grip to crack down on state-wide goonda networks., Special teams formed in all police stations to monitor graded criminals and their bank accounts., Strict actions including KAPPA detention will be taken against repeat offenders.