DySP-മാർക്ക് കൂട്ട സ്ഥലംമാറ്റം: മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവ്. പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി. എൻ. മുരളീധരനെ കണ്ണൂർ, കാസർകോട് മേഖലയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് (ഇ.ഒ.ഡബ്ല്യു.) മാറ്റിയത്. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ.യുമായി കൊമ്പുകോർത്ത ഡിവൈ.എസ്.പി.യേയും അപ്രതീക്ഷിതമായി സ്ഥലംമാറ്റി.
തിരഞ്ഞെടുപ്പ് സമയത്ത് മറ്റു ജില്ലകളിലേക്ക് മാറ്റിയിരുന്ന ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, സ്ഥലംമാറ്റത്തിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചതോടെ, എല്ലാ ഉദ്യോഗസ്ഥരുടേയും ജാതകം നോക്കാൻ തനിക്ക് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. മിക്കവർക്കും അവരുടെ സ്വന്തം ജില്ലകൾതന്നെ ലഭിച്ചപ്പോഴാണ് രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിൽ ഇടപെട്ട ഡിവൈ.എസ്.പി.മാർക്ക് അപ്രതീക്ഷിത ഇടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
എൻ. മുരളീധരനെ തൃശ്ശൂർ കുന്ദംകുളത്തുനിന്നാണ് കാസർകോട് ഇ.ഒ.ഡബ്ല്യു.വിലേക്ക് സ്ഥലംമാറ്റിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഒരു ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റുചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതായിരുന്നു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടുകയും ഇയാൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്ന വിധത്തിൽ കുറ്റപത്രം തയ്യാറാക്കുകയും ചെയ്ത ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻകൂടിയാണ് അദ്ദേഹം.
ഷിയാസുമായി പരസ്യമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി. എ.ജെ. തോമസിനും അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ചിലായിരുന്ന ഇദ്ദേഹത്തെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.
കോതമംഗലത്തെ പ്രക്ഷോഭത്തിനിടെ ഷിയാസിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇദ്ദേഹവും ഷിയാസും തമ്മിൽ തർക്കമുണ്ടായിരുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലൂടെ പ്രശസ്തനായ ചലച്ചിത്രതാരംകൂടിയായ ഡിവൈ.എസ്.പി. സിബി തോമസിനെ കാസർകോട്ടുനിന്ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിലേക്ക് മാറ്റി.
Content Highlights: State government orders transfer of 161 DySPs across Kerala., Officers involved in high-profile political cases faced unexpected reassignments., Government claims the move is to repatriate officers after election duty., Controversy arises over the posting of officers who handled sensitive political arrests.