‘കേരള നേറ്റിവിറ്റി കാർഡ് ബിൽ’ നിയമസഭയിൽ അവതരിപ്പിച്ചു: തെറ്റായ വിവരം നൽകിയാൽ 3 മാസംവരെ ജയിൽശിക്ഷ

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടാൻ ലക്ഷ്യമിട്ട് ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ’ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. പൗരത്വനിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയതോടെ, നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് മന്ത്രി കെ. രാജൻ ബിൽ അവതരിപ്പിച്ചത്. സ്വർണക്കൊള്ളക്കേസിൽ ബഹിഷ്കരിച്ചതിനാൽ, പ്രതിപക്ഷം ബിൽ അവതരണവേളയിൽ സഭയിലുണ്ടായിരുന്നില്ല.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾക്കൊണ്ട് ’കേരളീയത’ തെളിയിക്കാനുള്ള നിയമപിൻബലമുള്ള രേഖയാണ് നേറ്റിവിറ്റി കാർഡ്. ഒരാളുടെ കേരളീയത സാക്ഷ്യപ്പെടുത്താനും സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹികാവശ്യങ്ങൾക്കും ആധികാരികരേഖയായി ‘കേരള നേറ്റിവിറ്റി കാർഡ്’ ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് ബിൽ.
കേരളത്തിൽ ജനിച്ചവർ, മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളീയരായവർ, കേരളീയരായവർക്ക് സംസ്ഥാനത്തിനു പുറത്ത് ജനിച്ചവർ, വിദേശത്തുജനിച്ച കേരളീയരാണെങ്കിൽ പ്രസ്തുത രാജ്യത്ത് പൗരത്വമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്ക് കാർഡ് നൽകാനാണ് വ്യവസ്ഥ.
തെറ്റായ വിവരങ്ങൾ നൽകി കള്ളത്തരം കാണിച്ചാൽ മൂന്നുമാസംവരെ ജയിൽശിക്ഷയോ അയ്യായിരം രൂപ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മറ്റു രേഖകൾക്കൊപ്പം നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാൻ സർക്കാരിനു വിജ്ഞാപനമിറക്കാം.
തിങ്കളാഴ്ച അവതരിപ്പിച്ച ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച ചർച്ച നടത്തി പാസാക്കാനാണ് സർക്കാർ തീരുമാനം.
കാർഡ് ‘കേരളീയത’ ഉയർത്തിപ്പിടിക്കാൻ
ഒരു രാജ്യത്തെ പൗരനായി അംഗീകരിക്കപ്പെടുന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാനാവകാശമാണ്. എന്നാൽ, ജനിച്ചുവളർന്ന മണ്ണിൽ പൗരത്വം നിഷേധിക്കുന്ന നിയമനിർമാണംപോലും രാജ്യത്ത് ഉണ്ടായിക്കഴിഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന പൗരത്വംപോലെ കേരളീയത തെളിയിക്കാനുള്ള നിയമപ്രാബല്യമുള്ള രേഖയാണിത്. ആത്മാഭിമാനത്തോടെ കേരളീയനെന്നു പറയാൻ കഴിയുന്ന ഒരു ചരിത്രനിയമമാണിത് -മന്ത്രി കെ. രാജൻ
Content Highlights: Kerala Introduces "Nativity Card Bill" to Assert Regional Identity and Rights