കെ.എം ബഷീര്‍ കാറിടിച്ച് മരണപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ പ്രമോഷനെതിരെ മുസ്‌ലിം ജമാഅത്ത്

ശ്രീറാം വെങ്കിട്ടരാമൻ, കെ.എം. ബഷീർ
ശ്രീറാം വെങ്കിട്ടരാമൻ, കെ.എം. ബഷീർ

മലപ്പുറം: 'സിറാജ്' ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയതായി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ അറിയിച്ചു.

കെ.എം. ബഷീര്‍ നിയമസഹായസമിതി കണ്‍വീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് പരാതി നല്‍കിയത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യാ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയെന്നാണ് പരാതി.

പെര്‍ഫോമന്‍സ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു സീല്‍ഡ് കവറില്‍ സൂക്ഷിച്ച് കേസില്‍നിന്ന് അവര്‍ കുറ്റവിമുക്തരായശേഷം മാത്രം അതു പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കുകയാണു ചെയ്യേണ്ടത്. സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും സ്ഥാനക്കയറ്റം പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ അടുത്തഘട്ടം പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ കെ.പി. ജമാല്‍ കരുളായി, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അലിയാര്‍ ഹാജി, അബ്ദുസ്സമദ് മുട്ടന്നൂര്‍, അന്‍വര്‍ സാദത്ത് ചമ്രവട്ടം, റിയാസ് ബാബു പോത്തുകല്ല് എന്നിവര്‍ പങ്കെടുത്തു.
 

Content Highlights: kerala muslim jamaath filed petition against sreeram venkitamaram promotion