കാലവർഷം കനിഞ്ഞില്ല: സെപ്റ്റംബറിൽ സംസ്ഥാനത്ത് മഴയിൽ 93 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ കേരളത്തിൽ പെയ്യേണ്ട മഴയുടെ അളവിൽ വൻ കുറവ്. ഈ കാലയളവിൽ സാധാരണയായി ലഭിക്കേണ്ട 151.6 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് വെറും 11.1 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ പെയ്തിട്ടുള്ളത്. പ്രതീക്ഷിച്ച മഴ ലഭ്യതയിൽ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.
ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരത്താണ് ഏറ്റവും രൂക്ഷമായ സ്ഥിതിയുള്ളത്. ഇവിടെ പ്രതീക്ഷിച്ച മഴയിൽ 99 ശതമാനത്തിന്റെ കുറവാണുണ്ടായത്. കണ്ണൂർ, കാസർകോഡ്, ഇടുക്കി എന്നീ മൂന്ന് ജില്ലകൾ ഒഴികെയുള്ള മറ്റ് 11 ജില്ലകളിലും 90 ശതമാനത്തിന് മുകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷത്തിന്റെ അവസാന ലാപ്പിലാണ് ഈ രീതിയിൽ മഴ ദുർബലമായിരിക്കുന്നത്.
ഇത്തവണ കാലവർഷം ഇത്രത്തോളം ദുർബലമാകാൻ പ്രധാന കാരണം 'എൽനിനോ'പ്രതിഭാസമാണ്. എന്നാൽ വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിൽ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ മഴ നിലവിലെ കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.