‘ഇന്ദുലേഖയില്ലെങ്കിൽ തോഴിയായാലും മതി’, സതീശൻ്റെ അവസ്ഥ സൂരിനമ്പൂതിരിപ്പാടിൻ്റേതിന് സമാനം- പി. പ്രസാദ്

കോട്ടയം: യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഇപ്പോഴത്തെ അവസ്ഥ 'ഇന്ദുലേഖ'യിലെ സൂരിനമ്പൂതിരിപ്പാടിന്റെ നിലപാടിന് സമാനമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നടന്മാരായ പ്രേംകുമാർ, ജയൻ ചേർത്തല, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് എന്നിവർ കോൺഗ്രസിനൊപ്പം ചേരുന്നത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മലയാളത്തിലെ ക്ലാസിക് നോവലായ ‘ഇന്ദുലേഖ’യിലെ കഥാസന്ദർഭം സൂചിപ്പിച്ചുകൊണ്ട്, "ഇന്ദുലേഖയെ കിട്ടിയില്ലെങ്കിൽ തോഴിയായാലും മതി" എന്ന സൂരി നമ്പൂതിരിപ്പാടിന്റെ നിലപാടിലാണ് ഇപ്പോൾ യുഡിഎഫ് ഉള്ളതെന്ന് പി. പ്രസാദ് പറഞ്ഞു. എൽഡിഎഫിലെ പല പ്രമുഖരെയും ലക്ഷ്യമിട്ടിരുന്നെങ്കിലും അതൊന്നും നടക്കാതെപോയ സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ. സ്വന്തം മുന്നണിയിലുള്ളവരിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടുപോകാൻ വി.ഡി. സതീശനോ യുഡിഎഫിനോ കഴിയുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം തന്ത്രങ്ങൾകൊണ്ട് കേരളത്തിൽ നില മെച്ചപ്പെടുത്താനോ അധികാരത്തിൽ തിരിച്ചെത്താനോ യുഡിഎഫിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തർക്കും തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നത് എന്തിനാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ വിസ്മയങ്ങൾ തീർക്കുമെന്ന് അവകാശപ്പെട്ടാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ഒരിടത്തും അവർക്ക് എത്താൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് പി. പ്രസാദ് പറഞ്ഞു. രാഷ്ട്രീയമായി ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനെ ഗൗരവമായി കാണുന്നില്ല. ഇതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ യാതൊരുവിധത്തിലുള്ള പോറലുകളും ഏൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Minister P. Prasad compares UDF`s current state to Sooryan Namboodiripad from `Indulekha`, citing their inability to attract key figures and relying on secondary options.