സ്മാർട്ട് സിറ്റി റോഡുകളിലും ക്രെഡിറ്റ് തർക്കം; ഫ്ലെക്സുകളിൽ നിറഞ്ഞ് റിയാസ്, MB രാജേഷ് ചിത്രത്തിലില്ല

മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് | Photo: മാതൃഭൂമി
മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് | Photo: മാതൃഭൂമി

തിരുവനന്തപുരം: ദേശീയപാതയുടെ ക്രെഡിറ്റ് അവകാശവാദങ്ങൾക്കിടെ, സംസ്ഥാനറോഡിലും ക്രെഡിറ്റ് തർക്കം. തദ്ദേശവകുപ്പിന്റെ ഫണ്ടുപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ നവീകരിച്ച സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തിന് മന്ത്രി എം.ബി. രാജേഷ് പുറത്ത്. നഗരത്തിൽനിറഞ്ഞ ഫ്ലക്സ് ബോർഡുകളിൽ മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും മാത്രമേയുണ്ടായിരുന്നുള്ളൂ. പൊതുമരാമത്തുവകുപ്പ് ഒരുരൂപപോലും മുടക്കാത്ത റോഡ് വികസനത്തിന്റെ ക്രെഡിറ്റ് റിയാസ് അടിച്ചെടുത്തതിലെ അതൃപ്തി എം.ബി. രാജേഷ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

നവീകരിച്ച നഗരറോഡുകളുടെ മേയ് 16-നുനടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. രാജേഷിന്റെ പരാതിയാണ് മുഖ്യമന്ത്രി വിട്ടുനിൽക്കാൻ കാരണമെന്ന് വാർത്തവന്നതോടെ, നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

കേന്ദ്രഫണ്ടിനുപുറമേ തദ്ദേശവകുപ്പിന്റെയും കോർപ്പറേഷന്റെയും ഫണ്ടുപയോഗിച്ചാണ് നഗരറോഡുകൾ നവീകരിച്ചത്. കോർപ്പറേഷൻ റോഡുകൾക്കുപുറമേ, പൊതുമരാമത്ത് റോഡുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് റോഡ് നിർമാണത്തിന് നേതൃത്വംവഹിച്ചത് റോഡ് ഫണ്ട് ബോർഡാണ്. ഈ ബന്ധമല്ലാതെ സാമ്പത്തികച്ചെലവോ മറ്റ് ഉത്തരവാദിത്വമോ പൊതുമരാമത്ത് വകുപ്പിന് ഇതിലുണ്ടായിരുന്നില്ല. എന്നാൽ, ഉദ്ഘാടനപരിപാടിയുടെ പ്രചാരണത്തിൽ‌ മന്ത്രി റിയാസ് നിറഞ്ഞുനിന്നു. എം.ബി. രാജേഷ് ചിത്രത്തിലേ വന്നില്ല.

സിപിഎമ്മിൽ പുതുനിരനേതാക്കൾക്കിടയിൽ മൂപ്പിളമത്തർക്കം രൂക്ഷമാണ്. പാർലമെന്ററി രംഗത്താണെങ്കിൽ, റിയാസിന് മറ്റുമന്ത്രിമാരെക്കാൾ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നുവെന്ന തോന്നൽ മന്ത്രിമാർക്കിടയിലുണ്ട്.

ഭിന്നതയില്ല; ഞങ്ങളെ ത്രയം ആക്കേണ്ട -പി. രാജീവ്

തിരുവനന്തപുരം: മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്നുവരുത്തി മാധ്യമങ്ങൾ തങ്ങളെ ത്രയം ആക്കേണ്ടെന്ന് മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിക്ക് അസുഖമായതിനാലാണ് സ്മാർട്ട്‌സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത്. അത് മന്ത്രിസഭയിലെ ഭിന്നതയാണെന്ന വ്യാഖ്യാനം അടിസ്ഥാനരഹിതമാണ്. മന്ത്രിസഭയിൽ ചർച്ചയുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ, അഭിപ്രായവ്യത്യാസമില്ല -അദ്ദേഹം പറഞ്ഞു.

‘വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’

തിരുവനന്തപുരം: സ്മാർട്ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാർത്ത അസംബന്ധമാണ്. മേയ് 16-ന് ഉച്ചയ്ക്കുശേഷമുള്ള റോ‍ഡ് ഉദ്ഘാടനം ഉൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ മൂന്നു പരിപാടികൾ ആരോഗ്യപരമായ കാരണങ്ങളാൽ റദ്ദാക്കിയിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരാതിപറഞ്ഞിട്ടില്ല -എം.ബി. രാജേഷ്

തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. മറ്റൊരു യോഗത്തിൽ പങ്കെടുത്തതുകൊണ്ടാണ് ഉദ്ഘാടനച്ചടങ്ങിൽ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: dispute erupts among Kerala ministers over the Smart City roads