കാർഷിക ജോലിക്കുള്ള ഇടവേള നിശ്ചയിക്കാൻ പഞ്ചായത്തുതല സമിതികൾ; 60 ദിവസം തൊഴിലുറപ്പ് നിർത്തിവെക്കും

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പതിപ്പായ വിബി ജി റാംജി നിയമപ്രകാരം, കേരളത്തിലെ ഓരോ പ്രദേശത്തെയും കൃഷിജോലിക്കുള്ള ഇടവേള നിശ്ചയിക്കുന്നതിന് പഞ്ചായത്തുതല സമിതികൾ രൂപവത്കരിക്കുന്നു. പുതിയ നിയമത്തിലെ സെക്‌ഷൻ ആറ് പ്രകാരം, ഒരു സാമ്പത്തികവർഷം കാർഷിക പ്രാധാന്യമുള്ള 60 ദിവസങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നിർബന്ധമായും നിർത്തിവെക്കണം. സംസ്ഥാനത്തെ കൃഷിരീതികളും കാലാവസ്ഥാ പ്രത്യേകതകളും കണക്കിലെടുത്ത് ഈ 60 ദിവസം, ഓരോ ഗ്രാമപ്പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രാദേശികമായി നിശ്ചയിക്കാനാണ് സമിതികൾ രൂപവത്കരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള സമിതിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൃഷി ഓഫീസർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായിരിക്കും. ഓരോ ഗ്രാമപ്പഞ്ചായത്തിലെയും പ്രധാന വിളകൾ, നടീൽ-വിളവെടുപ്പ് കാലങ്ങൾ, കാർഷിക കാലാവസ്ഥാ മേഖല എന്നിവ പരിഗണിച്ച് സമിതി 60 ദിവസത്തെ സീസൺ നിശ്ചയിക്കും. ഗ്രാമപ്പഞ്ചായത്തുതലത്തിലെ സീസൺ വിവരങ്ങൾ ജില്ലാ ആസൂത്രണസമിതി വഴി സംസ്ഥാന തൊഴിലുറപ്പ് മിഷന് സമർപ്പിക്കും. ഇത് ക്രോഡീകരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. പിന്നീട് സീസണിൽ മാറ്റം വരുത്തണമെങ്കിൽ ഓരോ സാമ്പത്തികവർഷവും ആരംഭിക്കുന്നതിന് രണ്ടുമാസം മുൻപെങ്കിലും സംസ്ഥാന മിഷൻ സർക്കാരിനെ അറിയിക്കണം.
കാർഷിക സീസണിൽ തൊഴിലുറപ്പ് നിർബന്ധമായും നിർത്തിവെക്കണമെന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥ കേരളത്തിന്റെ സാഹചര്യത്തിൽ തീർത്തും അപ്രസക്തമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട ഏകവിള കൃഷിരീതിയും അവിടത്തെ വിളവെടുപ്പുകാലവും മുന്നിൽക്കണ്ടാണ് കേന്ദ്ര സർക്കാർ ഈ വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്. കാർഷികമേഖലയിൽ സീസണിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനാണിത്. എന്നാൽ, കേരളത്തിൽ വിവിധയിനം വിളകൾ ഒന്നിടവിട്ട് വർഷം മുഴുവൻ കൃഷിചെയ്യുന്നുണ്ട്. അതിനാൽ സംസ്ഥാനത്ത് കാർഷിക പ്രാധാന്യമുള്ള ഒറ്റ സീസൺ വേർതിരിക്കുക പ്രായോഗികമല്ല. കേരളത്തിൽ പരമ്പരാഗത കാർഷികമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളല്ല തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നതിൽ ഭൂരിഭാഗവും.
തൊഴിലുറപ്പ് നിർത്തിവെച്ചാലും ഇവർ കാർഷിക ജോലികളിലേക്കു മാറാനുള്ള സാധ്യത കുറവാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം കേരളത്തിൽ തൊഴിലുറപ്പുജോലികൾ ചെയ്യാൻ സാധിക്കുന്ന മാസങ്ങൾ പരിമിതമാണ്. ഇതിനിടയിൽ നിർബന്ധിതമായി 60 ദിവസത്തെ തൊഴിൽനിഷേധംകൂടി വരുന്നത് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും.
Content Highlights: Formation of panchayat-level committees to determine 60-day work breaks., Implementation of Section 6 of the new regulations for MGNREGS., Focus on local agricultural seasons, crop cycles, and climate factors., Critique regarding the impracticality of the 60-day suspension in Kerala's diverse farming context., Concerns over labor livelihood due to mandatory work stoppage.