മെഡിക്കൽ കോളേജുകൾക്ക് കത്രികവെച്ചു; പദ്ധതി വിഹിതത്തിൽ വെട്ടിയത് 146 കോടി

#ടി.ജി. ബേബിക്കുട്ടി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ, മെഡിക്കൽ കോളേജുകൾക്കുള്ള പദ്ധതിവിഹിതത്തിൽ സർക്കാർ നടത്തിയത് കടുംവെട്ട്. അടിസ്ഥാനസൗകര്യവും ചികിത്സാസംവിധാനവും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിൽ നീക്കിവെച്ച 401.24 കോടിയിൽനിന്ന് 146.89 കോടിയാണ് വെട്ടിക്കുറച്ചത്. ഒടുവിൽ അനുവദിച്ചത് 254.35 കോടിമാത്രം. ഇങ്ങനെ ഫണ്ട് കുത്തനെ കുറഞ്ഞതാണ് മെഡിക്കൽ കോളേജുകൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

വെട്ടിക്കുറയ്ക്കൽ ഇങ്ങനെ

ഇനം വകയിരുത്തിയ തുക ഒടുവിൽ അനുവദിച്ചത്
മെഡിക്കൽ കോേളജുകളുടെ വികസനം 217.4 കോടി 157.37 കോടി
ഡെന്റൽ കോേളജ് വികസനം 22.79 കോടി 8.65 കോടി
മെഡിക്കൽ കോളേജുകൾ രോഗീസൗഹൃദമാക്കൽ 5.5 കോടി 4.85 കോടി
സുരക്ഷാസംവിധാനം രണ്ടുകോടി 90 ലക്ഷം
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതം 1.4 കോടി 60 ലക്ഷം
സമഗ്ര പക്ഷാഘാതകേന്ദ്രം തുടങ്ങാൻ 3.5 കോടി 2.3 കോടി
വിലകൂടിയ ഉപകരണങ്ങളുടെ പരിപാലനം 25 കോടി 23 കോടി

മുടങ്ങിയ വികസനം

പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെ മുടങ്ങിയ പദ്ധതികൾ

  •  മെഡിക്കൽ കോളേജുകളിൽ സ്പോർട്‌സ് മെഡിസിൻ, മോളിക്യൂലാർ ഡയഗ്നോസ്റ്റിക് ഫെസിലിറ്റി, ‌ഓങ്കോളജി ആൻഡ് ടെറിഷ്യറി സെന്റർ, സർജിക്കൽ റോബോട്ട് എന്നിവ തുടങ്ങുന്നത്.
  • മജ്ജമാറ്റിവെക്കൽ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ട്രോമാകെയർ സംവിധാനങ്ങളുടെ വികസനം.

വെട്ട് ആരോഗ്യവകുപ്പിലും

ആരോഗ്യവകുപ്പിനുള്ള ഫണ്ടിൽ 62.11 കോടിയാണ് വെട്ടിക്കുറച്ചത്. നീക്കിവെച്ച 152.13 കോടി 90.02 കോടിയാക്കി ചുരുക്കി. ബ്ലഡ് ബാങ്കുകൾക്ക് വകയിരുത്തിയ 30 ലക്ഷം 15 ലക്ഷമാക്കി. ഇത് ജില്ലാ, ജനറൽ ആശുപത്രികൾ മുതൽ പ്രാഥമികാര്യോഗ്യകേന്ദ്രങ്ങൾവരെയുള്ളവയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

കാൻസർ സെന്ററുകളുടെ ഫണ്ടും വെട്ടി

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ ബജറ്റ് വിഹിതം 73 കോടിയിൽനിന്ന് 36.5 കോടി രൂപയാക്കി. മലബാർ കാൻസർ സെന്ററിന്റേത് 26 കോടിനിന്ന്‌ 14 കോടിയായും കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റേത് 14.5 കോടിയിൽനിന്ന് 9.3 കോടിയായും വെട്ടിച്ചുരുക്കി.

Content Highlights: Kerala government slashes medical college budget by ₹146.89 crore