ഇനിയില്ല, 'വാരിക്കോരി' പരോൾ; ജയിൽ മേധാവിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദേശം

#സജീവൻ പൊയ്ത്തുംകടവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: ജയിൽ‌ ചട്ടങ്ങൾ കർശനമായി പാലിച്ചുമാത്രമേ തടവുകാർക്ക് പരോൾ അനുവദിക്കാൻ പാടുള്ളൂവെന്ന് ആഭ്യന്തരവകുപ്പ് ജയിൽ മേധാവിക്ക് നിർദേശം നൽകി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ജയിൽ വകുപ്പ് മേധാവിയുടെ വിവേചനാധികാരം ഉപയോഗിച്ച് നിരവധി തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. പോലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിച്ചതായി ആക്ഷേപവും ഉയർന്നിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ പരോൾ റദ്ദാക്കിയത് ഈ കാരണം കൊണ്ടാണെന്നാണ് പറയുന്നത്. എന്നാൽ ജയിൽ ചട്ടമനുസരിച്ചുള്ള പരോളിന് വിലക്കുമില്ല. ജയിൽ അഡ്വൈസറി ബോർഡ് പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കും മറ്റു ചില രാഷ്ട്രീയ തടവുകാർക്കും തുടരെ പരോൾ ലഭിക്കുന്നത് വലിയ രാഷ്ട്രീയചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചതും വൻ വിവാദങ്ങൾക്ക് വഴിവെച്ചു.

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 258 വനിതകളുണ്ടെന്നാണ് കണക്ക്. പലരുടെയും വിടുതൽ അപേക്ഷ പരിഗണിക്കാതെയാണ് ഷെറിന്റെ മോചനത്തിനായി മന്ത്രിസഭ തീരുമാനമെടുത്തത്. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ മോചിപ്പിക്കേണ്ടവരുടെ സാധ്യതാപട്ടികയിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ഉൾപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിനിന്നിരുന്നു. ഇക്കാര്യങ്ങളൊക്കെ ആഭ്യന്തരവകുപ്പ് പരിശോധിച്ചാണ് ‘വാരിക്കോരി’ പരോൾ നൽകേണ്ടെന്ന തീരുമാനം.

പരോൾ ലഭിക്കുന്നതെങ്ങനെ

ജയിൽ ചട്ടമനുസരിച്ച് അവധി, അടിയന്തര അവധി എന്നതിനാണ് പരോൾ എന്ന് അർഥമാക്കുന്നത്. ഒരുവർഷത്തിൽ 60 ദിവസമാണ് പരോൾ അനുവദിക്കുന്നത്. അത് രണ്ടോ നാലോ തവണകളായി എടുക്കാം. പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ജയിൽ മേധാവിക്ക് അയച്ചുകൊടുക്കും. പോലീസ് റിപ്പോർട്ട് പ്രതികൂലമാണെങ്കിൽപോലും ഡി.ജി.പി.യുടെ വിവേചനാധികാരത്തിൽ പരോൾ നൽകാം. നിഷേധിച്ചാൽ സർക്കാറിലേക്ക് അപ്പീൽ നൽകാം. അതും നിഷേധിച്ചാൽ തടവുകാരന് കോടതിയെ സമീപിക്കാം.

കോടതിയും നിഷേധിച്ചാൻ ആറുമാസം കഴിഞ്ഞാൽ ജയിൽ മേധാവി അധ്യക്ഷനായ ജയിൽ ഉപദേശകസമിതിയെ സമീപിക്കാവുന്നതാണ്. ഒരിക്കൽ പരോൾ ലഭിച്ചാൽ കൃത്യമായ ഇടവേളകളിൽ ലഭിച്ചുകൊണ്ടിരിക്കും. തടവുകാരുടെ അടുത്ത ബന്ധുക്കൾക്ക് ഗുരുതരാവസ്ഥയിലോ മരണമോ സംഭവിച്ചാൽ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 15 ദിവസം വരെ പരോൾ അനുവദിക്കും. സർക്കാരിന് അത് 45 ദിവസം വരെ അനുവദിക്കാം.

ജയിൽ ഉപദേശകസമിതി പുനഃസംഘടിപ്പിക്കും

തടവുകാരുടെ ശിക്ഷാ കാലാവധി അവലോകനം ചെയ്യാനും നല്ല നടപ്പിനുള്ളവരെ വിട്ടയക്കാനും സർക്കാറിന് ഉപദേശം നൽകാനാണ് സെൻട്രൽ ജയിൽ അഡ്വൈസറി ബോർഡ് രൂപവത്കരിച്ചിരിക്കുന്നത്. ജയിൽ ഡി.ജി.പി. ചെയർമാനും സെഷൻസ് ജഡ്ജി, കളക്ടർ, പ്രൊബേഷൻ ഓഫീസർ, സർക്കാർ നിർദേശിക്കുന്ന മൂന്നുപേർ അടങ്ങിയതാണ് ജയിൽ ഉപദേശകസമിതി. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, തൃക്കരിപ്പൂർ മുൻ എം.എൽ.എ. എം.രാജഗോപാൽ എന്നിവരെയാണ് സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ സർക്കാർ നിയമിച്ചവരെ ഒഴിവാക്കി പുതിയവരെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സമിതി ആറുമാസം കൂടുമ്പോൾ യോഗം ചേരും. പരോൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അംഗങ്ങൾക്ക് അഭിപ്രായവും രേഖപ്പെടുത്താം.

Content Highlights: Home Department mandates strict adherence to jail manual for parole., Parole discretion limited to prevent misuse of authority., Restructuring of the Jail Advisory Board to ensure transparency., Clear guidelines provided on parole application, police reports, and appeals., Standard limit of 60 days parole per year reinforced.