മെമ്മോയ്ക്ക് മറുപടി മെമ്മോ; ചീഫ് സെക്രട്ടറിയോട് 7 ചോദ്യം തിരിച്ചുചോദിച്ച്‌ എന്‍.പ്രശാന്ത്

എൻ.പ്രശാന്ത്
എൻ.പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്ക് മറുപടിയായി ഏഴ് ചോദ്യങ്ങള്‍ അടങ്ങിയ കത്ത് തിരിച്ചയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. സസ്‌പെന്‍ഷന്‍ നടപടിക്ക് മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടില്ലെന്നതാണ് കത്തില്‍ പ്രധാനമായും ഉയര്‍ത്തിയിട്ടുള്ള ചോദ്യം. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. 

ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരമായാണ് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ജയതിലകോ ഗോപാലകൃഷ്ണനോ തനിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും ഈ സഹചര്യത്തില്‍ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. ഡിസംബര്‍ 16-നാണ് വിശദീകരണം ചോദിച്ചുള്ള കത്ത് പ്രശാന്ത് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. 

ഡിസംബര്‍ ഒമ്പതിനാണ് എന്‍. പ്രശാന്തിന് മെമ്മോ ലഭിക്കുന്നത്. നിയമം അനുസരിച്ച് മെമ്മോ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. എന്നാല്‍, മറുപടി നല്‍കുന്നതിന് പകരം ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പ്രശാന്ത് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ അപമാനിച്ചതിലൂടെ പ്രശാന്ത് ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലെ പ്രധാന ആരോപണം. 

പരാതിക്കാരനില്ലാതെ സ്വന്തം നിലയ്ക്ക് എന്തിനാണ് മെമ്മോ നല്‍കിയത്, തനിക്കെതിരേയുള്ള തെളിവുകള്‍ ആരാണ് കൈമാറിയിരിക്കുന്നത്, സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ടാണ് തന്റെ ഭാഗം കേള്‍ക്കാതിരുന്നത്, ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തനിക്കെതിരേയുള്ള തെളിവുകള്‍ ശേഖരിച്ചത്, ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ആധികാരികത അന്വേഷിച്ചിരുന്നോ തുടങ്ങിയുള്ള ചോദ്യങ്ങളാണ് പ്രശാന്തിന്റെ കത്തില്‍ ചോദിച്ചിരിക്കുന്നത്. 

തനിക്കെതിരേ ജയതിലകും പട്ടികജാതി-വര്‍ഗ വകുപ്പിന്റെ 'ഉന്നതി' പദ്ധതിയിലെ മുന്‍ സി.ഇ.ഒ. ഗോപാലകൃഷ്ണനും നടത്തിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച എന്‍.പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് 'ഉന്നതി'യില്‍ ചുമതലയുണ്ടായിരുന്ന കാലത്തെ ഫയലുകള്‍ കാണാതായെന്നും ഹാജറില്‍ കൃത്രിമംകാട്ടിയെന്നും ജയതിലക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് ജയതിലകിനെ പ്രശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു കുറിപ്പിട്ടത്.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് എന്‍. പ്രശാന്തിനെതിരായ കണ്ടെത്തല്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കെ. ഗോപാലകൃഷ്ണന്‍ ശ്രമിച്ചുവെന്നും ഇരുവരുടെയും സസ്പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Content Highlights: Kerala IAS officer N. Prasanth responds to suspension with 7 questions