ചെയർമാൻ സ്ഥാനത്തേക്കുള്ള പേരു വെട്ടി; ചരിത്ര ഗവേഷണ കൗൺസിലിൽ പൊട്ടിത്തെറി, മൂന്നുപേർ രാജിവെച്ചു

തിരുവനന്തപുരം: സെർച്ച് കമ്മിറ്റി ശുപാർശ മറികടന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ.) ചെയർമാനെ നിയമിച്ചതിൽ പ്രതിഷേധം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഇടപെട്ടാണ് നിയമനം. സെർച്ച് കമ്മിറ്റിയംഗങ്ങളായ സനൽ മോഹനും വി.ജെ. വർഗീസും നിയമനത്തെ എതിർത്ത് സർക്കാരിനു കത്തയച്ചു.
ചരിത്രകാരരായ പ്രൊഫ. ജാനകി നായർ, ഡോ. ലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ. മനു വി. ദേവദേവൻ എന്നിവർ കൗൺസിൽ നിർവാഹക സമിതിയിൽനിന്നു രാജിവെക്കുകയുംചെയ്തു. എറണാകുളം മഹാരാജാസ് കോളേജ് ചരിത്രവിഭാഗം പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കലാണ് പുതിയ ചെയർമാൻ. തിങ്കളാഴ്ച അദ്ദേഹം സ്ഥാനമേറ്റു.
അധ്യക്ഷനെ നിശ്ചയിക്കാൻ ജൂലായ് 15-നാണ് സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത്. വിഖ്യാത ചരിത്രകാരി ജെ.എൻ.യു. അധ്യാപിക ഡോ. ജ്യോതി അത്ത് വാൾ, ചരിത്രകാരന്മാരായ പ്രൊഫ. സനൽമോഹൻ, ഡോ. വി.ജെ. വർഗീസ്, പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് എന്നിവരായിരുന്നു അംഗങ്ങൾ.
കൺവീനർ കെ.സി.എച്ച്.ആർ. ഡയറക്ടറുടെ ചുമതലയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറും. കമ്മിറ്റിയുടെ രണ്ടു യോഗത്തിലും വിനോദ്കുമാറിന്റെ പേര് പരിഗണിച്ചിട്ടില്ലെന്ന് അംഗങ്ങൾ വെളിപ്പെടുത്തി.
സംഭവിച്ചതിങ്ങനെ:
സെപ്റ്റംബർ ഒന്നിനുചേർന്ന ആദ്യയോഗത്തിൽ ദിലീപ് എം. മേനോൻ, പയസ് മേലേക്കണ്ടത്തിൽ, പ്രൊഫ. സെൽവകുമാർ, ഡോ. രാജൻ ഗുരുക്കൾ എന്നിവരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ സെർച്ച് കമ്മിറ്റി നിർദേശിച്ചു. കൂടുതൽ പേരുകൾ നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ആവശ്യപ്പെട്ടു.
ഒക്ടോബർ 24-നു ചേർന്ന യോഗത്തിൽ പ്രൊഫ. റെയ്മണ്ട് (മുൻ ആർക്കൈവ്സ് ഡയറക്ടർ), ഡോ. കെ.എസ്. മാധവൻ (കാലിക്കറ്റ് സർവകലാശാല), ഡോ. ജെ. ദേവിക (സി.ഡി.എസ്.) എന്നിവരുടെ പാനൽ നൽകി.
ആദ്യ രണ്ടുപേരുകൾ സനൽമോഹനും മൂന്നാമത്തേത് വി.ജെ. വർഗീസുമാണ് നിർദേശിച്ചത്. ഡോ. ജ്യോതി ആരെയും പറഞ്ഞില്ല. വിനോദ്കുമാറിനെയും ഉൾപ്പെടുത്തി ബി. അശോക് സർക്കാരിന് പാനൽ കൈമാറി.
ആക്ഷേപം
അംഗംമാത്രമായ ബി. അശോക് കൺവീനറെപ്പോലെ ഇടപെട്ടു. രണ്ടാമത്തെ യോഗത്തിൽ കൺവീനറെ മറികടന്ന് മിനിറ്റ്സിൽ ഒപ്പിട്ടു. അന്തിമയോഗം വിളിക്കണമെന്നും ആരെ തിരഞ്ഞെടുത്തുവെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ട് സെർച്ച് കമ്മിറ്റിയംഗങ്ങൾ കത്തയച്ചിട്ടും മറുപടി നൽകിയില്ല.
സർക്കാരിന്റെ വാദം
വിദഗ്ധ പാനൽ മൂന്നുപേരുകൾ നിർദേശിച്ചു. സെർച്ച് കമ്മിറ്റിയംഗമായതിനാൽ ബി. അശോകും ഒരാളെ നിർദേശിച്ചു. ഈ പാനലിൽനിന്നാണ് ചെയർമാന്റെ നിയമനം. സെർച്ച് കമ്മിറ്റിയെന്നാൽ സെലക്ഷൻ കമ്മിറ്റിയല്ല.
Content Highlights: Protests arose over the appointment of the Kerala Council for Historical Research (KCHR) chairman, bypassing the search committee's recommendations, with Dr. B. Ashok, Principal Secretary of Higher Education, involved in the decision. Several historians resigned from the council's executive committee, and the new chairman, Professor Vinodkumar Kallolickal, assumed office despite not being considered in the search committee meetings. The government defended the appointment, stating that Dr. B. Ashok, as a committee member, suggested a candidate, and the chairman was appointed from a panel of experts, emphasizing that the search committee was not a selection committee.