ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരെയുള്ള ഹര്‍ജി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും കത്തയച്ചു.
പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.
അതേസമയം ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ആയിഷ സുല്‍ത്താന 'ബയോളജിക്കല്‍ വെപ്പണ്‍' പരാമര്‍ശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൈവായുധം ഉപയോഗിച്ചുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷമചോദിച്ചതുകൊണ്ട് നിയമപരമായ നടപടികള്‍ ഒഴിവാക്കാനാകില്ലെന്നും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ആയിഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും ലക്ഷദ്വീപ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനുവേണ്ടി സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. മനു നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ പറയുന്നു.
Content Highlights: