സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; പൊന്മുടി അടച്ചു, അരുവിക്കര ഡാം തുറന്നു

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച (ഇന്ന്) ഓറഞ്ച് അലർട്ടാണ്. മറ്റു 11 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഏഴുമുതൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനമേർപ്പെടുത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യതകൾ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി നഗരത്തിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കോഴിക്കോട്ട് ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.