സംസ്ഥാനത്ത് ശക്തമായ മഴ: തെങ്ങു വീണ് സ്ത്രീ മരിച്ചു, മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരിക്ക്

മല്ലിക, മരക്കൊമ്പ് വീണ് തകർന്ന ബൈക്ക്
മല്ലിക, മരക്കൊമ്പ് വീണ് തകർന്ന ബൈക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ ഒരു മണിക്കൂറോളം ശക്തമായ മഴ രേഖപ്പെടുത്തി. രാവിലെ മുതല്‍ ജില്ലയിലെ ചില ഇടങ്ങളില്‍ മഴയുണ്ടായിരുന്നെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് മഴ ശക്തമായത്. ജില്ലയില്‍ നിലവില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. 

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി  വീണ് സ്ത്രീ മരിച്ചു

പൂച്ചാക്കല്‍ (ആലപ്പുഴ): വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ്  വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.എറണാകുളത്തെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്. 

ഭര്‍ത്താവ് :ഷാജി .മക്കള്‍ : മൃദുല്‍ വിഷ്ണു, വൃന്ദ ഷാജി.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു

തിരുവനന്തപുരം: പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂരയാണ് തര്‍ന്നു വീണത്. അപകടമുണ്ടാകുമ്പോള്‍ പള്ളിക്കുള്ളില്‍ വിശ്വാസികളില്ലാത്തതിനാല്‍ ആളപായം ഒഴിവായി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ ഉച്ചമുതല്‍ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളില്‍ ശക്തമായ കാറ്റ് വീശി.

കനത്ത കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

മാള: കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണുവിനെ മാള ബിലീവേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലഡൂരിലെ മില്‍സ് കണ്‍ട്രോള്‍സ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് പുത്തന്‍ചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന്മുകളില്‍വീണത്
 

Content Highlights: Heavy rain and strong winds lash Kerala