ടോൾ നിർത്തിവയ്ക്കൽ; പിന്നിൽവിടാത്ത പോരാട്ടവീര്യം,കണ്ടറിഞ്ഞ് കോടതി, ടോൾ കമ്പനിക്ക് 14 കോടി നഷ്ടമാകും

തൃശ്ശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണത്തിലെ അപാകം മുതല്‍ ടോള്‍പിരിവിലെ കൊള്ളവരെ ചൂണ്ടിക്കാണിച്ച് കോടതികള്‍ കയറിയിറങ്ങി കെപിസിസി സെക്രട്ടറിയായ ഷാജി െജ. കോടങ്കണ്ടത്ത്. ദേശീയപാതാ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്നു ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയായിരുന്നു തുടക്കം. റോഡുനിര്‍മാണത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നു കാണിച്ച് റോഡുസുരക്ഷാ അതോറിറ്റിക്ക് പരാതി നല്‍കി.
പണി പൂര്‍ത്തിയാക്കാതെ പാലിയേക്കരയില്‍ ടോള്‍പിരിവ് നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് സനീഷ് കുമാര്‍ ജോസഫിനോടൊപ്പം സത്യാഗ്രഹമിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് േടാള്‍ െകാള്ളക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചു. 2019-ല്‍ സമര്‍പ്പിച്ച ഹര്‍ജി 2020-ല്‍ പരിഗണിച്ചു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. അതുപ്രകാരം 2021-ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അതിനിടെയാണ് അടിപ്പാതനിര്‍മാണത്തിനായി റോഡ് അടച്ചിട്ടുള്ള നിര്‍മാണത്തിനിടെ ടോള്‍ പിരിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. അതിലാണിപ്പോള്‍ അനുകൂല വിധി വന്നത്.
ജനീഷ് കോടതിയിലെത്തിയത് സ്വന്തം അനുഭവം പറഞ്ഞ്
തൃശ്ശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ നിര്‍മാണം കാരണം മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കില്‍പ്പെടുന്ന ഒരാളായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവായ ഒ.ജെ. ജനീഷും. സമയനഷ്ടവും ഇന്ധനനഷ്ടവും സാമ്പത്തികനഷ്ടവും സഹിച്ചുവരുന്ന ഒരു യാത്രക്കാരന്‍ എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. കറുകുറ്റി മുതല്‍ ടോള്‍പ്ലാസ വരെ നാലിടങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന കുരുക്ക്. ഇതിനുശേഷം ടോള്‍പ്ലാസയിലേക്കെത്തുമ്പോള്‍ അവിടെയും നീണ്ടനിര. നിര നിന്ന് പണം കൊടുത്തുവേണം ടോള്‍ബൂത്ത് കടന്നുപോകാന്‍.
ജോലിസംബന്ധമായ ആവശ്യങ്ങള്‍, പരീക്ഷ, ആശുപത്രി, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങി അത്യാവശ്യക്കാര്‍പോലും ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയത്തിനെത്തിച്ചേരാനാകാതെ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യം നിരന്തരമായുണ്ടായി. ഇത് നീതീകരിക്കാവുന്നതല്ല. അതുകൊണ്ടാണ് നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളില്‍നിന്ന് ടോള്‍ ഈടാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അഡ്വ ഒ.ആര്‍. ശ്രീലക്ഷ്മി മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. ടോളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചു പരിഗണിച്ചപ്പോള്‍ അതില്‍ ഒരു ഹര്‍ജിക്കാരനായി ജനീഷും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്.
കണ്ടറിഞ്ഞ് കോടതി
തൃശ്ശൂര്‍: തീരാത്ത കുരുക്ക്, നടുവൊടിക്കുന്ന കുഴികള്‍. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ദുരിതയാത്രയുടെ യഥാര്‍ഥസ്ഥിതി കോടതിക്കും ബോധ്യപ്പെട്ടു. ദേശീയപാതയില്‍ ഒരേസമയം നാല് അടിപ്പാതകളുടെ നിര്‍മാണമാണ് ഇടപ്പള്ളിക്കും മണ്ണുത്തിക്കുമിടയില്‍ നടക്കുന്നത്. നിര്‍മാണത്തിനിടയില്‍ യാത്ര തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനമോ സുരക്ഷാമാര്‍ഗങ്ങളോ ഇവിടങ്ങളില്‍ സ്വീകരിച്ചിട്ടില്ല. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതുമൂലം സര്‍വീസ് റോഡുകളും സമീപത്തെ ഗ്രാമീണറോഡുകളുമെല്ലാം തകര്‍ന്നു. നിര്‍മാണമാകട്ടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്.
മണിക്കൂറുകള്‍ നീളുന്ന കുരുക്കും അപകടങ്ങളുമെല്ലാം ഈ മേഖലയില്‍ നിത്യസംഭവമായിട്ടുണ്ട്. ഇതിനു പുറമേ ദേശീയപാതയോട് ചേര്‍ന്നുള്ള ജനങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാണ്. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സമയത്തിന് എത്താനാകുന്നില്ല. വ്യാപാരികളും പ്രതിസന്ധിയിലാണ്. യാത്രക്കാരന് സമയനഷ്ടവും ധനനഷ്ടവും മാത്രം സമ്മാനിക്കുന്ന പാതയില്‍ യാത്രചെയ്യുന്നതിന് ടോള്‍കൂടി നല്‍കേണ്ടിവരുന്ന ദുര്‍ഗതിയാണ് കോടതിയെ സമീപിച്ച ഓരോരുത്തരും ചൂണ്ടിക്കാണിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസും ആര്‍ടിഒയും റവന്യൂവകുപ്പും നടത്തിയ പരിശോധനയെത്തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും നിര്‍മാണക്കമ്പനിയുടെ അലംഭാവം വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏപ്രില്‍ 28-ന് ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഉത്തരവ് പിന്‍വലിക്കേണ്ടിവന്നെങ്കിലും ഈ ഇടപെടലും ഗുണകരമായി.
ടോള്‍ കമ്പനിക്ക് നഷ്ടം 14 കോടിയോളം
: ടോള്‍ കമ്പനിയുടെ പെരുവഴിയിലെ കൊള്ളയ്ക്ക് നാലാഴ്ച കൊണ്ടുണ്ടാകുന്ന നഷ്ടം 14 കോടിയോളം രൂപ. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ദിനംപ്രതി 40,000-ല്‍ ഏറെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍നിന്ന് വ്യക്തമാകുന്നത്.
ഒരു ദിവസം 51 മുതല്‍ 53 ലക്ഷം വരെയാണ് കമ്പനിയുടെ വരുമാനം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നാലാഴ്ച ടോള്‍പിരിവ് നിര്‍ത്തിയാല്‍ കമ്പനിക്ക് നഷ്ടപ്പെടുന്നത് 14 കോടിയോളം രൂപയാണ്. പെരുവഴിയിലെ കൊള്ളയ്ക്ക് കോടതിയുടെ കനത്ത തിരിച്ചടിയായാണ് യാത്രക്കാര്‍ ഇതിനെ കാണുന്നത്.
കരാര്‍ നീട്ടിയാല്‍ നിയമനടപടി -ജോസഫ് ടാജറ്റ്
തൃശ്ശൂര്‍: പത്തു വര്‍ഷമായി ടോള്‍ കമ്പനിയുടെ കരാര്‍ലംഘനത്തിനെതിരേ നിരന്തരമായ സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം ശരിവെക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍നിന്ന് വന്നത്. ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി ദേശീയപാത ഗതാഗതയോഗ്യമല്ലെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് എന്ന അധികാരം ഉപയോഗിച്ചാണ് കളക്ടര്‍ ടോള്‍ തടഞ്ഞത്. എന്നാല്‍, ആ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഈ വാദം ഹൈക്കോടതി വിധിയിലൂടെ തെളിയുകയാണ്.
അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലാണ്. അതിനുശേഷം ജനങ്ങള്‍ മൂന്നുമാസമായി ടോള്‍ കൊടുത്ത് നരകയാതന അനുഭവിക്കേണ്ടിവന്നു.
കരാര്‍ സമയത്ത് നാലുവരിപ്പാതയായിട്ടാണ് കമ്പനി ഏറ്റെടുത്തത്. 55 രൂപയില്‍ തുടങ്ങിയ ടോള്‍ ഇപ്പോള്‍ 95 രൂപയായി. കരാര്‍ സമയപരിധിക്കുള്ളില്‍ കമ്പനിക്ക് ടോള്‍ പിരിക്കാന്‍ അവകാശമുണ്ട്. ടോള്‍ സസ്പെന്‍ഡ് ചെയ്തിരുന്ന കാലത്തെ കരാര്‍ നീട്ടിക്കൊടുത്താല്‍ നിയമനടപടിയുമായി മുന്നോട്ടുപോകും.
Content Highlights: High Court suspends toll collection on Mannuthy-Vadakkanchery highway for 4 weeks