അജിത്കുമാറിനെ സംരക്ഷിച്ച് സർക്കാർ, റിപ്പോർട്ട് പുറത്തുവിടില്ല; വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടി

#മാതൃഭൂമി ന്യൂസ്
എം.ആർ. അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി
എം.ആർ. അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് സർക്കാർ പുറത്തുവിടില്ല.  ഇത് പുറത്തുവിടുന്നത് അജിത് കുമാറിന്റെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കും എന്ന വിചിത്രവാദമാണ് സർക്കാർ ഉന്നയിക്കുന്നത്. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് സർക്കാരിന്റെ മറുപടി.

എം.ആർ. അജിത് കുമാറിനെതിരേ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. ഇതിന് സർക്കാർ നൽകിയ മറുപടി; റിപ്പോർട്ടിൽ ഉള്ള കാര്യങ്ങൾ വ്യക്തിപരമാണ്. അത് പുറത്തുവിടുന്നത് എം.ആർ. അജിത് കുമാറിന്റെ സ്വകാര്യതയെ ബാധിക്കും. റിപ്പോർട്ട് പൊതുതാത്പര്യമോ പൊതുപ്രവർത്തനത്തിന്റെയോ ഭാഗമായതോ അല്ല. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ സാധിക്കില്ല എന്നായിരുന്നു മറുപടി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് വിജിലൻസ് കോടതി തള്ളിയിരുന്നു. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. പരാതിക്കാരൻ്റെ മൊഴിയെടുക്കാനും കോടതി തീരുമാനിച്ചിരുന്നു.

Content Highlights: Kerala Government Withholds Vigilance Report on ADGP Ajith Kumar Citing Privacy Concerns