പുതിയ കേരളാ ഗവർണറുടെ ആദ്യ പരിഷ്കാരം; ലോക്ഭവനിൽ നിന്ന് മാംസവും മത്സ്യവും ഔട്ട്, വിവാദ തുടക്കം

തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം വിലക്കി പുതിയ ഗവർണർ ഓംപ്രകാശ് മാഥുറിന്റെ ആദ്യ പരിഷ്കാരം. ചുമതലയേറ്റെടുക്കുന്നതിന് മുൻപായി ലോക്ഭവന് നൽകിയ നിർദേശത്തിലാണ് മത്സ്യ-മാംസാഹാരം ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗവർണറുടെ നടപടിക്കെതിരേ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
ഗവർണർ പൂർണ സസ്യാഹാരിയാണ്. രാജേന്ദ്ര ആർലേക്കർ ഗവർണറായപ്പോൾ മത്സ്യം ഉപയോഗിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാംസവും ഉപയോഗിച്ചിട്ടുണ്ട്. ലോക്ഭവനിലെ മറ്റ് ജീവനക്കാർ സസ്യേതര ഭക്ഷണം ഉപയോഗിക്കരുതെന്ന നിബന്ധന മുൻപൊരിക്കലും ഉണ്ടായിരുന്നില്ല.
അംഗീകരിക്കാനാകില്ല -കെ.സി. വേണുഗോപാൽ
ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനത് ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും കേരളത്തിൽ തുടർന്നുപോരാം. ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അംഗീകരിക്കാൻ കഴിയില്ല. ഇഷ്ടമുള്ളത് പാചകം ചെയ്യാനും കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ്മ വേണമെന്നും വേണുഗോപാൽ പറഞ്ഞു.
സംഘപരിവാർ അജൻഡ -എം.വി. ഗോവിന്ദൻ
ഏത് ഭക്ഷണം കഴിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്ഷണത്തിൽപ്പോലും വർഗീയത കലർത്തുന്നത് സംഘപരിവാർ അജൻഡയാണ്. ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് ഭക്ഷണം ബഹിഷ്കരിക്കണമെന്ന് നിർദേശിക്കാനാകില്ല- അദ്ദേഹം പറഞ്ഞു.
ഒരു ഭക്ഷണത്തിനും വിലക്കില്ലെന്ന് ലോക്ഭവൻ
ഗവർണർ സസ്യാഹാരിയായതിനാൽ മാംസാഹാരത്തിന് വിലക്കുണ്ടെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ലോക്ഭവൻ വിശദീകരിച്ചു. ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവരുന്നതിനോ പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്നതിനോ ഒരുവിലക്കും ഏർപ്പെടുത്തിയിട്ടില്ല. പുതിയ ഗവർണർ ചുമതല ഏൽക്കുമ്പോൾ ശീലം എന്തൊക്കെയാണെന്ന് ജീവനക്കാർ ചോദിച്ചറിയുന്ന പതിവുണ്ട്. ഇത് മാംസാഹാരത്തിന് വിലക്കെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്നും ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
Content Highlights: New Kerala Governor Omprakash Mathur allegedly restricted non-vegetarian food at Lok Bhavan., Congress leader KC Venugopal and CPI(M) state secretary MV Govindan criticized the move as an infringement on fundamental rights., Lok Bhavan clarified that no ban exists on non-vegetarian food and employees are free to bring or buy their preferred food.