ഭരണം മാറിയിട്ടും കിട്ടാക്കടത്തിൽ തീരുമാനമായില്ല; കരാറുകാരുടെ കുടിശ്ശിക 12,000 കോടി കവിഞ്ഞു

കോട്ടയം: ഭരണം മാറിയിട്ടും കിട്ടാക്കടത്തിൽ തീരുമാനമാകാതെ സർക്കാർ കരാറുകാർ. പ്രധാന വകുപ്പുകളിൽനിന്ന് ഇവർക്ക് കിട്ടാനുള്ള കുടിശ്ശിക 12,000 കോടി കവിഞ്ഞു. പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയംഭരണം എന്നിവയിൽ നിന്നാണ് കിട്ടാനേറെയുള്ളത്.
4250 കോടിയോളമാണ് പൊതുമരാമത്തുവകുപ്പ് നൽകാനുള്ളത്. റോഡ്-പാലം നിർമാണം, റോഡ് പരിപാലനം വിഭാഗങ്ങളിൽമാത്രം 2025 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ 1305 കോടി രൂപയാണ് നൽകാനുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ ഇതേ കാലയളവിൽ 344 കോടി രൂപയാണ് കുടിശ്ശിക. കേരള റോഡ് ഫണ്ട് ബോർഡിൽ 18.44 കോടി. ജലജീവൻമിഷൻ പദ്ധതിക്കുശേഷം റോഡ് നവീകരണത്തിന്റെ 36 ലക്ഷവും കിട്ടാൻ ബാക്കി. 2025 നവംബറിന് ശേഷമുള്ള തുക ഒരു വിഭാഗത്തിലും കൊടുത്തിട്ടില്ല.
തദ്ദേശസ്ഥാപനങ്ങളിൽ 4000 കോടി രൂപയോളമാണ് ഇനി കൊടുക്കാനുള്ളത്. 12,000 കോടി രൂപയായിരുന്നു ഇവിടെ ആകെ കുടിശ്ശിക വന്നത്. ഇതിൽ 8000 കോടി രൂപയാണ് രണ്ട് തവണയായി നൽകിയത്. മാർച്ച് കഴിഞ്ഞുള്ള ഒരു ബില്ലിലും ഒരു പൈസപോലും അനുവദിച്ചിട്ടില്ല.
ജല വിഭവവകുപ്പിലും 4000 കോടിയാണ് കൊടുത്തുതീർക്കാനുള്ളത്. സർക്കാർ കരാറുകാർ പൊതുമരാമത്തുവകുപ്പ് മന്ത്രിയെ കണ്ടിരുന്നു. 15-നുശേഷം എല്ലാവരുടെയും യോഗം വിളിക്കുമെന്നാണ് വകുപ്പ് നൽകുന്ന പ്രതികരണം. ജലഅതോറിറ്റിയുടെ കുടിശ്ശിക ജലജീവൻ മിഷന്റെ വിവിധ ഘട്ടങ്ങളിലെ തുക അനുവദിക്കുന്നതിന് അനുസരിച്ചേ കിട്ടാനിടയുള്ളൂ.
പൊതുമരാമത്തുവകുപ്പിൽ ബിൽത്തുക നൽകാൻ ബിൽ ഡിസ്കൗണ്ട് സ്കീമുണ്ട്. കരാറുകാരനുള്ള ബിൽത്തുക നിശ്ചയിക്കപ്പെട്ട ബാങ്കിൽനിന്ന് വായ്പാ രൂപത്തിൽ അനുവദിക്കുന്നതാണിത്. പക്ഷേ തുകയുടെ പാതിപലിശ കരാറുകാരൻ വഹിക്കണമെന്ന വ്യവസ്ഥയിൽ അവർക്ക് രോഷമുണ്ട്. പക്ഷേ പണം എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ചാണ് അതിന് വഴങ്ങുന്നതെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ബങ്കിൽനിന്ന് വായ്പ എടുത്ത് നടത്തുന്ന പ്രവൃത്തികളിൽ തിരിച്ചടവ് വൈകുന്നത് കരാറുകാരനെ കരിമ്പട്ടികയിൽ ചേർക്കാനിടയാക്കും. അതേസമയം ഏറെക്കാലമായി സംസ്ഥാനത്തെ കരാറുകാർ ആവശ്യപ്പെടുന്നത് കേന്ദ്രം നടപ്പാക്കിയ ‘ട്രെഡ്സ്’ രീതിയാണ്. ട്രേഡ് റിസീവബിൾ ഇലക്ട്രോണിക് ഡിസ്കൗണ്ട് സിസ്റ്റം പ്രകാരം ബില്ലുകൾക്കുള്ള തുക ബാങ്കുകൾ കരാറുകാർക്ക് നൽകും. വായ്പാ രൂപത്തിലാണിതും. പക്ഷേ പലിശ പൂർണമായും സർക്കാരാണ് വഹിക്കുന്നത്.
Content Highlights: Total outstanding dues to Kerala government contractors exceed 12,000 crore in 2026., Major arrears reported in PWD (4250 Cr), Local Self-Government (4000 Cr), and Water Resources (4000 Cr)., No bills processed for payment since March 2026., Contractors are protesting against high-interest bank discount schemes., Contractors association demands the implementation of the TReDS system where the government bears the interest.