വിരമിച്ച 700 കോളേജ് അധ്യാപകർക്ക് UGC ശമ്പളക്കുടിശ്ശിക; സർവീസിലുള്ളവരുടെ കേസിനിടെ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ, വിരമിച്ചവർക്കുള്ള ആനുകൂല്യം നൽകാൻ നിർണായക ഉത്തരവുമായി സർക്കാർ. എയ്ഡഡ് കോളേജുകളിൽനിന്നു വിരമിച്ച ഒരു വിഭാഗം അധ്യാപകർ നൽകിയ കേസിലെ ഹൈക്കോടതി വിധിയെത്തുടർന്നാണ് ഈ നടപടി. ഇതനുസരിച്ച്, സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നു വിരമിച്ച 700 അധ്യാപകർക്ക് 2016-19 കാലയളവിലെ ശമ്പളക്കുടിശ്ശിക അക്കൗണ്ടിലെത്തും.
യു.ജി.സി. ശമ്പളപരിഷ്‌കരണം 2021-ൽ കേരളത്തിൽ നടപ്പാക്കിയെങ്കിലും 2016-19 കാലയളവിലെ കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. കേന്ദ്രവിഹിതം നൽകിയിട്ടില്ലെന്ന പേരിലാണ് എൽ.ഡി.എഫ്. സർക്കാർ 1500 കോടിയുടെ കുടിശ്ശിക നിഷേധിച്ചത്. മൊത്തം കുടിശ്ശികയിൽ 750 കോടി രൂപ കേന്ദ്രം നൽകേണ്ടതാണെന്നാണ് വാദം. എന്നാൽ, റീ-ഇംബേഴ്‌സ്‌മെന്റ് (നൽകിയശേഷം അവകാശപ്പെടൽ) വ്യവസ്ഥയിലാണ് കുടിശ്ശികയെന്നും കോളേജ് അധ്യാപകർക്ക് ഈ ആനുകൂല്യം നൽകിയശേഷം അതിന്റെ കണക്കുകൾ സമയബന്ധിതമായി സർക്കാർ സമർപ്പിച്ചില്ലെന്നുമായിരുന്നു. കേന്ദ്രസർക്കാർ വാദം.
ഇതിനിടെ, പ്രശ്‌നത്തിൽ കോൺഗ്രസ് അനുഭാവ കോളേജ് അധ്യാപകസംഘടനയായ കെ.പി.സി.ടി.എ. ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണനയിലിരിക്കേയാണ്, ഇപ്പോൾ വിരമിച്ച കോളേജ് അധ്യാപകർക്ക് കുടിശ്ശിക അനുവദിക്കാനുള്ള സർക്കാർ നടപടി. ഈ പശ്ചാത്തലത്തിൽ, നിലവിൽ സർവീസിലുള്ള അധ്യാപകർക്കും 2016-19 കാലയളവിലെ യു.ജി.സി. ശമ്പളക്കുടിശ്ശിക ലഭ്യമാക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്തും ജനറൽ സെക്രട്ടറി ഡോ. എ. എബ്രഹാമും ആവശ്യപ്പെട്ടു.
Content Highlights: Government issued a crucial order to disburse benefits to retired college teachers following a High Court verdict., Around 700 retired teachers from aided colleges will receive 2016-19 salary arrears., The 1500 crore total arrears were previously withheld citing lack of central share, though reimbursement rules apply., KPCTA leaders demand similar arrears for currently serving teachers.