'ജപ്തിചെയ്യരുതേ എന്റെ കൃഷിയിടം'; പുരസ്കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് കുഞ്ഞുദേവികയുടെ അപേക്ഷ

തിരുവനന്തപുരം: ആ ആറുസെന്റ് പുരയിടത്തിൽ ചീരയ്ക്കും വെണ്ടയ്ക്കും തടമെടുത്താണ് കുഞ്ഞുദേവിക സംസ്ഥാനപുരസ്കാരത്തിലേക്കുവരെ എത്തിയത്. അതേ ആറുസെന്റ് നേരിടുന്ന ജപ്തിഭീഷണിയിൽ വാടിപ്പോയ മുഖവുമായാണ് അവൾ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം സമ്മാനിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്റെ കാതിൽ സ്വകാര്യമായി ഈ സങ്കടം ദേവിക പങ്കുവെച്ചു. കത്തും നൽകി.
പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിങ്‌സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ നാലാംക്ലാസ് വിദ്യാർഥിനി കെ.പി. ദേവിക.
വീട്ടുവളപ്പിലെ ഇത്തിരിയിടത്തിലും മട്ടുപ്പാവിലുമായുള്ള ദേവികയുടെ കൃഷിത്തോട്ടവും മാലിന്യസംസ്കരണവുമൊക്കെ നേരിട്ടുകണ്ട് വിലയിരുത്തിയാണ് കാലാവസ്ഥാവകുപ്പ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കുന്നതിനിടെ ദേവിക മുഖ്യമന്ത്രിയോട് ഒരു സ്വകാര്യംപറയാനുറച്ചു. കുനിഞ്ഞ് കാതുകൾകൊടുത്ത മുഖ്യമന്ത്രിയോട് അവൾ പറഞ്ഞു-‘‘കടം വീട്ടാനാകാതെ ബാങ്കുകാരുടെ ഭീഷണിയിലാണ് ഞങ്ങൾ. എന്തെങ്കിലും ചെയ്യണം’’. ഇക്കാര്യങ്ങളുള്ള ഒരു കത്തും മുഖ്യമന്ത്രിക്ക് കൈമാറി. പരിശോധിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു.
ദേവികയുടെ അച്ഛൻ തയ്യൽത്തൊഴിലാളി കെ.പി. ദീപകും അമ്മ സിൻസിയും കുഞ്ഞനിയൻ നിലനും സദസ്സിലുണ്ടായിരുന്നു. തയ്യൽക്കടയിലേക്ക് സാധനങ്ങൾവാങ്ങാനും വീട് പുതുക്കാനുമായി സഹകരണബാങ്കിൽനിന്നും എസ്ബിഐയിൽനിന്നും വായ്പയെടുത്ത ആറരലക്ഷം രൂപയാണ് ജപ്തിഭീഷണിയിലെത്തിച്ചത്.
കോവിഡ് കാലത്ത് തയ്യൽക്കട പൂട്ടിപ്പോയതോടെ അടവ് മുടങ്ങി. ഇതിനിടെ, ദേവിക അസുഖബാധിതയായി ഏറെനാൾ കോഴിക്കോട് മെഡിക്കൽ കോളേജിലായി. ദീപക് വാഹനാപകടത്തിൽ പെട്ടതോടെ വരുമാനവും നിലച്ചു.
മുതലും പലിശയും ഇവരുടെ സങ്കടത്തോളം വളർന്ന് ഭീമമായി. ബാങ്കുകാർ നിരന്തരം കയറിയിറങ്ങുകയാണ് മലാപ്പറമ്പ് വേങ്ങേരിയിലെ വീട്ടിലിപ്പോൾ. ജപ്തിനടപടിയിലേക്കു കടക്കുമെന്നാണ് അറിയിപ്പ്. തിരിച്ചടവിന് സാവകാശംലഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
Content Highlights: young girl receives a state award for environmental work while her family faces bank foreclosure