രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി പിണറായി വിജയന്‍ | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ
മുഖ്യമന്ത്രി പിണറായി വിജയന്‍ | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ

തിരുവനന്തപുരം: അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന നഗര നയത്തിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ഈ കരട് നയം, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ രൂപരേഖ നൽകുന്നു. രണ്ടു വർഷത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം ഒരു സംസ്ഥാനം രൂപീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്.

ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി 2023 ഡിസംബറിൽ രൂപീകരിച്ച നഗര നയ കമ്മിഷൻ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് കൈമാറിയ ഈ റിപ്പോർട്ട് സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള സമ്മേളനത്തിൽ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ആ സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ നയം തയ്യാറാക്കിയിരിക്കുന്നത്.

നഗര നയ കമ്മിഷന്റെ വിലയിരുത്തൽ പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറും. മലനാടിനും തീരദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലകളിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും ഈ വികസനം നടക്കുക. കാലാവസ്ഥാ വ്യതിയാനം ഒരു വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുള്ള ഒരു അടിസ്ഥാന രേഖയായി ഈ നയം പ്രവർത്തിക്കും. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നു.

ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് 2050 ലെ കേരളത്തെക്കുറിച്ച് ഈ നയം വിഭാവനം ചെയ്യുന്നത്. വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം തുടർന്നുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന മാതൃകയാണ് ലക്ഷ്യം. നഗര സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിലൂടെ സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കാനും മികച്ച സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കാനും സാധിക്കുമെന്ന് നയം വ്യക്തമാക്കുന്നു.

നിയമങ്ങളിലും ഭരണ സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, ജനകേന്ദ്രീകൃതമായ സേവനങ്ങൾ, പദ്ധതികൾ എന്നിവയ്ക്കാണ് നയം മുൻഗണന നൽകുന്നത്. ഉദ്യോഗസ്ഥരുടെ കാര്യശേഷി വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തന്ത്രപരമായ ആസൂത്രണം നടപ്പിലാക്കുക എന്നീ മേഖലകളിലൂന്നിയായിരിക്കും വരും വർഷങ്ങളിൽ കേരളത്തിലെ നഗര വികസനം നടക്കുക.

കേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരം

ഭാവിയിലെ അത്ഭുത പദാർത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീൻ ഉൽപ്പാദനത്തിലും ഗവേഷണത്തിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്ത് ഗ്രഫീൻ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരം നൽകി. വിവിധ വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഗ്രാഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യാവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്. സ്ഥിരതയുള്ള പ്രവർത്തനങ്ങൾ സൃഷ്ടിക്കൽ, അനുകൂലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തങ്ങളും ഉറപ്പാക്കൽ, സാമ്പത്തിക കൺസൾട്ടൻസി സേവനങ്ങളും മാർക്കറ്റിംഗും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ

അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി

1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൻ്റെയും മരണാനന്തരം നൽകുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയർത്തി പരമാവധി മൊത്തം തുക ഇരുപത് ലക്ഷം രൂപയായി വർധിപ്പിക്കും. പ്രധാനമായ ശസ്ത്രക്രിയകൾക്കും ക്യാൻസർ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കും.

ചങ്ങനാശ്ശേരിയിൽ കോടതി

ചങ്ങനാശ്ശേരിയിൽ ഒരു അഡീഷണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും.

കരാർ ദീർഘിപ്പിക്കും

എൻ.ടി.പി.സിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി.എല്ലിന് അനുമതി നൽകി.

ശമ്പള പരിഷ്കരണം

സഹകരണ സർവ്വീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

ഭൂമി കൈമാറ്റം

ടെക്നോപാർക്കിൻ്റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി KSPACE- ന് കൈമാറ്റം ചെയ്യുന്നതിന് അനുമതി നൽകി. ടെക്നോപാർക്ക് KSPACE-ന് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിർമ്മാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

ടെണ്ടർ അംഗീകരിച്ചു

ഹരിപ്പാട് നഗരസഭയിലെ ആധുനിക വാതക ശ്മശാന നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.

കാലാവധി ദീർഘിപ്പിച്ചു

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിലും കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിച്ചു വരുന്ന ഡോ.സന്തോഷ് ബാബുവിൻ്റെ സേവനകാലം 10.10.2025 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു.

Content Highlights: Kerala unveils its first-ever urban policy, setting a clear roadmap for development for the next 25 years. Discover the future of urban growth in the state.