ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബിഎംഡബ്ല്യു കാറും എ.സി.വീടും; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്

1. പ്രതീകാത്മകചിത്രം 2. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ | File Photo - PTI, ANI
1. പ്രതീകാത്മകചിത്രം 2. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ | File Photo - PTI, ANI

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. 

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബി.എം.ഡബ്ല്യു. കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നാണ് സൂചനകള്‍. 

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. 

അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കും.

Content Highlights: Kerala Finance Minister orders vigilance probe into social security pension irregularities