പൊതുവിഭാഗത്തിനുള്ള അധിക അരി; വിതരണസ്കീം വിജ്ഞാപനം ചെയ്യണമെന്ന് കേന്ദ്രം, കേരളത്തിന് തിരിച്ചടി

ആലപ്പുഴ: പൊതുവിഭാഗത്തിലെ നീല, വെള്ള കാർഡുകാർക്ക് റേഷൻകടവഴി അധിക അരി നൽകാനുള്ള സംസ്ഥാനനീക്കത്തിനു വീണ്ടും തിരിച്ചടി. കൂടുതൽ അരി അനുവദിക്കണമെങ്കിൽ വിതരണസ്കീം തയ്യാറാക്കി വിജ്ഞാപനമിറക്കി അപേക്ഷ നൽകണമെന്നാണു കേന്ദ്രനിർദേശം. ഇതോടെ, ക്രിസ്മസ്-പുതുവത്സര കാലത്ത് അരിവില നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം പാളും.
25,000 ടൺ അരിയാണു സംസ്ഥാനം ക്രിസ്മസ് സീസൺ മുന്നിൽക്കണ്ട് ഓപ്പൺ മാർക്കറ്റ് സെയ്ൽ സ്കീം (ഒ.എം.എസ്.എസ്.) വഴി ആവശ്യപ്പെട്ടത്. എന്നാൽ, ഉത്സവകാലങ്ങളുടെ പേരിൽ അധിക അരി നൽകാനാകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. വിലക്കയറ്റം ചൂണ്ടിക്കാട്ടി വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് പുതിയ ഉപാധി വെച്ചത്. ഇതുപ്രകാരം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സ്കീം തയ്യാറാക്കി വിജ്ഞാപനമിറക്കി അപേക്ഷ നൽകാനാണു തീരുമാനം.
നീല, വെള്ള കാർഡുകാർക്കുപുറമേ വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളെക്കൂടി ഉൾപ്പെടുത്തിയാകും സ്കീം തയ്യാറാക്കുക. ഓരോ വിഭാഗത്തിനും എത്രഅളവ് അരി നൽകുമെന്നു സ്കീമിൽ വ്യക്തമാകും. അരി വിതരണം നിരീക്ഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണു സൂചന. ഒ.എം.എസ്.എസ്. വഴി സ്വകാര്യവ്യാപാരികൾക്കും എഫ്.സി.ഐ. വഴി അരി നൽകുന്നുണ്ട്. അവർക്ക് വിതരണസ്കീം ബാധകമല്ല.
വിലക്കയറ്റം തടയാൻ മറ്റുവഴിയും തേടി
അധിക അരിവിഹിതം കേന്ദ്രം അനുവദിക്കുമെന്നാണു പ്രതീക്ഷ. എങ്കിലും, വിലക്കയറ്റം നിയന്ത്രിക്കാൻ ബദൽമാർഗവും സ്വീകരിച്ചിട്ടുണ്ട്. സപ്ലൈകോവഴി 10 കിലോഗ്രാം അധികമായി നൽകും. പച്ചരിയാണു കൂടുതൽ നൽകുക.
-അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി
അരിവിഹിതം 50 ലക്ഷം ടണ്ണാക്കും
അരിവില നിയന്ത്രിക്കാൻ സംസ്ഥാനങ്ങളിലെ പൊതുവിപണികളിലേക്ക് (ഒ.എം.എസ്.) നൽകുന്ന അരിവിഹിതം കേന്ദ്രം 25 ലക്ഷം ടണ്ണിൽ നിന്ന് 50 ലക്ഷമാക്കും. ഓൺലൈൻ ലേലത്തിലൂടെ മൊത്തവ്യാപാരികൾക്ക് വാങ്ങാം. നാഫെഡ്, േദശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ എന്നിവയ്ക്ക് കൂടുതൽ ‘ഭാരത് റൈസ്’ അനുവദിക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചു.
ഒ.എം.എസ്. അരി റേഷൻ കടകളിലേക്കല്ല എന്നതിനാൽ വില കുറയുകയില്ലെന്ന് കേരളാ റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. അധികമായി അനുവദിക്കുന്ന അരി പൂർണമായും മുൻഗണനേതര വിഭാഗത്തിന് നൽകിയാലേ വില നിയന്ത്രിക്കാനാകൂവെന്ന് പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും പറഞ്ഞു.
വില കുതിയ്ക്കുന്നു
രാജ്യത്ത് പൊതുവിപണിയിൽ ബ്രാൻഡഡ് മട്ട അരിക്ക് കിലോഗ്രാമിന് 56 രൂപയ്ക്കും പൊന്നിയ്ക്ക് 65 രൂപയ്ക്കും മുകളിലായി. സംസ്ഥാനത്ത് മട്ടയ്ക്ക് 65 രൂപയും സുരേഖയ്ക്കും ജയയ്ക്കും 55 രൂപയുമായി. മൂന്ന് മാസത്തിനിടെ കിലോഗ്രാമിന് 10 മുതൽ 15 രൂപവരെ വിലകൂടി.
എഥനോളിൽ നിയന്ത്രണം
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എഥനോൾ ഉത്പാദനത്തിന് നൽകുന്ന അരിയുടെ അളവിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. എഫ്.സി.ഐ.യുടെ മിച്ച അരിയിൽനിന്നുള്ള എഥനോൾ ഉത്പാദനം പ്രതിവർഷം 324 കോടി ലിറ്ററായും കേടായ ഭക്ഷ്യധാന്യങ്ങളിൽനിന്നുള്ളത് 1.6 കോടി ലിറ്ററായും പരിമിതപ്പെടുത്തി.
Content Highlights: Central government imposes new conditions for extra rice allocation under OMSS., Christmas and New Year price control plans for blue and white cardholders face delays., Supplyco steps in to provide 10 kg extra rice as an alternative measure., Rice prices in Kerala have surged by 10 to 15 rupees over the last three months.