വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കാൻ സാധ്യത, KSEBയുടെ ആവശ്യം 10 മാസത്തേക്ക് യൂണിറ്റിന് 32 പൈസ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: 2023-24ലെ അധികച്ചെലവ് ഈടാക്കാൻ വൈദ്യുതിനിരക്ക് കൂട്ടണമെന്ന ആവശ്യത്തിൽ കെഎസ്ഇബി ഉറച്ചുനിന്നാൽ റെഗുലേറ്ററി കമ്മിഷന് അംഗീകരിക്കേണ്ടിവരും. പത്തുമാസത്തേക്ക് 32 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഇത് ഭാഗികമായെങ്കിലും അംഗീകരിക്കാൻ സാധ്യതയുണ്ട്. അടിക്കടി രണ്ടുവർധനനേരിട്ട ജനത്തിന് ഇത് കൂടുതൽ ബാധ്യതയാവും.

ജലവൈദ്യുതി ഉത്പാദനം കുറഞ്ഞതിനാൽ താപവൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടിവന്നാൽ അധികച്ചെലവ് ഈടാക്കാൻ ആവശ്യപ്പെടാമെന്ന് കമ്മിഷന്റെ താരിഫ് നിയന്ത്രണ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് പ്രയോഗിച്ചാണ് 745.86 കോടി ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കഴിഞ്ഞദിവസം അപേക്ഷ നൽകിയത്. ഹൈഡ്രോ തെർമൽ ചാർജ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ധന സർച്ചാർജായി 19 പൈസ ഈടാക്കിയിരുന്നത് ഇപ്പോൾ എട്ടുപൈസയായി കുറഞ്ഞിട്ടുണ്ട്. ഇതും അനുകൂല സമയമായി കെഎസ്ഇബി കാണുന്നു.

കഴിഞ്ഞ ഡിസംബറിൽ യൂണിറ്റിന് 16 പൈസയും ഇത്തവണ ഏപ്രിലിൽ 12 പൈസയും കൂട്ടാനാണ് കമ്മിഷൻ അനുവദിച്ചിരുന്നത്. ബോർഡ് ആവശ്യപ്പെട്ടത് 37-ഉം 27-ഉം പൈസയായിരുന്നു.

4.49 രൂപ കരാർ റദ്ദാക്കിയിട്ട് വാങ്ങിയത് 5.79 രൂപയ്ക്ക്

യൂണിറ്റിന് 4.29 രൂപയ്ക്ക് 15 വർഷത്തേക്കുകൂടി വൈദ്യുതി കിട്ടുമായിരുന്ന കരാർ ചട്ടലംഘനത്തിന്റെ പേരിൽ കമ്മിഷൻ റദ്ദാക്കിയത് വിവാദമായിരുന്നു. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പുനഃസ്ഥാപിച്ചെങ്കിലും അപ്പലേറ്റ് ട്രിബ്യൂണൽ റദ്ദാക്കി. കരാറിലെ വ്യതിയാനം അംഗീകരിച്ച് നിയമവിധേയമാക്കാൻ സർക്കാർ തുടക്കത്തിൽ നടപടികളെടുത്തിരുന്നില്ല.

കരാർ റദ്ദായതോടെ രാത്രിയിൽ ആവശ്യമുള്ളതിൽ 10 ശതമാനം വൈദ്യുതിയുടെ കുറവുവന്നു. മഴ കുറഞ്ഞതിനാൽ ഉപഭോഗം 10-15 ശതമാനം കൂടുകയും ചെയ്തു. ഹ്രസ്വകാല കരാറിലൂടെയും പവർ എക്സ്‌ചേഞ്ചിലൂടെയും വൈദ്യുതി വാങ്ങേണ്ടിവന്നപ്പോൾ യൂണിറ്റിന് നൽകേണ്ടിവന്ന ശരാശരിവില 5.79 രൂപയായി ഉയർന്നു.

27-ന് നടക്കുന്ന തെളിവെടുപ്പിൽ കെഎസ്ഇബിയുടെയും ഉപഭോക്താക്കളുടെയും വാദം കേട്ടശേഷം വർധനക്കാര്യത്തിൽ കമ്മിഷൻ തീരുമാനമെടുക്കും.

Content Highlights: Kerala Electricity Tariff Hike: KSEB Seeks 32 Paise Increase