30 കോടി കുടിശ്ശികയുള്ള എച്ച്എംടിയുടെ ഫ്യൂസ് ഊരി; സർക്കാർ സ്ഥാപനങ്ങളുടെ 1188 കോടി എഴുതിത്തള്ളി

കൊച്ചി: ശ്രീനിവാസന്റെ ‘അഴകിയ രാവണൻ’ സിനിമയുടെ തിരക്കഥ പോലെയാണ് സംസ്ഥാനത്തെ വൈദ്യുതി കുടിശ്ശികയുടെ തിരക്കഥയും… “അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുമ്പോൾ, ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കിക്കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്...” എന്ന ഡയലോഗിനോട് ചേർത്തുവെയ്ക്കാവുന്ന തരത്തിലാണ് കാര്യങ്ങൾ. ഒരിടത്ത് 30 കോടി രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയ കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമായ കളമശ്ശേരി എച്ച്എംടിയുടെ ഫ്യൂസ് ഊരിയപ്പോൾ, മറ്റൊരിടത്ത് സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ വരുത്തിയ 1,188.52 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി. ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ബോർഡ് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി ഫണ്ടിൽ നിന്ന് ഈ തുക കുറവുചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
കുടിശ്ശികയുടെ പേരിൽ എച്ച്എംടിയുടെ ഫ്യൂസ് ഊരിയത് ചൊവ്വാഴ്ചയാണ്. അതിനും ആറുദിവസങ്ങൾക്കു മുന്നേയാണ് ധനകാര്യവകുപ്പ് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളാൻ ഉത്തരവിറക്കിയത്. ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി പിരിച്ചെടുത്ത 1,641.02 കോടി രൂപ വൈദ്യുതി ബോർഡിന്റെ പക്കലുണ്ട്. ഇതിൽനിന്ന് സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക തുകയായ 1,188.52 കോടിരൂപ എഴുതിത്തള്ളണമെന്നാണ് ഉത്തരവ്.
വൈദ്യുതി ബോർഡ് 2013-ൽ കമ്പനിയായപ്പോൾ, പെൻഷൻ ബാധ്യതയുടെ 65.4 ശതമാനം വൈദ്യുതി ബോർഡും 34.6 ശതമാനം സർക്കാരും ഏറ്റെടുക്കണമെന്ന് കരാറുണ്ടായിരുന്നു. സർക്കാർവിഹിതം കെഎസ്ഇബി സ്വരൂപിക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽനിന്ന് 10 വർഷത്തേക്ക് നൽകാൻ വിജ്ഞാപനവുമിറക്കി.
ഇതുപ്രകാരം ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി പിരിക്കുന്ന തുക കെഎസ്ഇബി സർക്കാരിലേക്ക് അടച്ചിരുന്നില്ല. 10 വർഷ കാലാവധി പൂർത്തിയായതിന് പിന്നാലെ 2023 നവംബർ ഒന്നിന് ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാൻ ഉത്തരവിറങ്ങി. പെൻഷനായി മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നൽകുന്നതിനുള്ള കരാറിലെ വകുപ്പും റദ്ദ് ചെയ്തു. ഇതിനെതിരേ കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു.
ഇലക്ട്രിസിറ്റി ഡ്യൂട്ടി സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇതേത്തുടർന്ന് ഇലക്ട്രിസിറ്റി ഡ്യൂട്ടി തുക സർക്കാരിലേക്ക് അടയ്ക്കാതെ കെഎസ്ഇബി സൂക്ഷിക്കുകയാണ്. ഇത് സർക്കാരിലേയ്ക്ക് അടയ്ക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുമില്ല. ഇക്കാരണത്താൽ സർക്കാർസ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക
എഴുതിത്തള്ളാനുള്ള ഉത്തരവിൽ ഹൈക്കോടതി കേസ് തീർപ്പാക്കുന്നതിനനുസരിച്ച് എന്ന വാചകംകൂടി ചേർത്തിട്ടുണ്ട്.
പെൻഷൻ പ്രതിസന്ധിയിലായേക്കും
ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽനിന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക കുറവുചെയ്യാനുള്ള തീരുമാനം കെഎസ്ഇബി പെൻഷനെയും ബാധിച്ചേക്കും. ഒരുവർഷം ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി പിരിച്ചെടുക്കുന്നത് 1,500 കോടി രൂപയോളമാണ്. നിലവിൽ കെഎസ്ഇബി പെൻഷൻകാരുടെ എണ്ണം 41,000 ആണ്. ഒരുവർഷം പെൻഷൻ നൽകുന്നതിന് 2,500 കോടി രൂപയാണ് ചെലവ്. ഇതിൽ 1,400 കോടി രൂപയാണ് താരിഫിൽനിന്ന് എടുക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുള്ളത്. ബാക്കി 1,100 കോടി രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽനിന്നാണ് കണ്ടെത്തിയിരുന്നത്.
Content Highlights: Kerala government waives Rs 1188.52 crore electricity dues for state undertakings while cutting power to HMT over Rs 30 crore arrears. Read about the controversy and its impact on KSEB pensions.