മണിയുടെ കണക്കിന് ബൽറാമിന്റെ മറുപടി- 35ൽ ഒതുക്കും; ബംഗാൾ ‘ടോൾഫ്രീ’യുമായി സലാം,സൈബറിടത്തിൽ നമ്പർയുദ്ധം

വി.ടി. ബൽറാം, പി.എം.എ. സലാം, എം.എം. മണി | ഫോട്ടോ - മാതൃഭൂമി
വി.ടി. ബൽറാം, പി.എം.എ. സലാം, എം.എം. മണി | ഫോട്ടോ - മാതൃഭൂമി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ പാർട്ടി നേതൃത്വങ്ങൾ തമ്മിൽ സൈബറിങ്ങളിൽ പോര് മുറുകുന്നു. കഴിഞ്ഞ 20 വർഷത്തെ എൽഡിഎഫിന്റെ സീറ്റുനില അക്കങ്ങളായി നിരത്തി ഫെയ്‌സ്ബുക്കിൽ മുതിർന്ന സിപിഎം നേതാവ് എം.എം. മണിയാണ് അങ്കത്തിന് തുടക്കമിട്ടത്. പിന്നാലെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും മുസ്ലിംലീഗ് നേതാവ് പി.എം.എ. സലാമും തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറുമെല്ലാം പോസ്റ്റിന് അതേ നാണയത്തിൽ മറുപടിയുമായി എത്തുകയായിരുന്നു.

98 68 91 99 എന്നിങ്ങനെ എം.എം. മണിയുടെ പേജിലാണ് ആദ്യത്തെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതൊരു ഫോൺ നമ്പറല്ലെന്നും കഴിഞ്ഞ നാല് നിയമസഭകളിലെ എൽഡിഎഫ് സീറ്റുകളാണെന്നും അദ്ദേഹം ഒപ്പം കുറിച്ചു. ഇതേ നമ്പറുകളോടൊപ്പം ഒരു ‘35’ കൂടി ചേർത്ത് (98 68 91 99 35) തത്കാലം ഇതൊരു ഫോൺ നമ്പറാണെന്നും കുറച്ചുകഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയാവുമെന്നും ബൽറാം കുറിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കിട്ടുന്ന സീറ്റുകളുടെ എണ്ണം 35 ആയി ചുരുങ്ങുമെന്നായിരുന്നു ബൽറാമിന്റെ പോസ്റ്റിന്റെ സാരം.

 
 

തുടർന്ന് പി.എം.എ. സലാമും സിപിഎമ്മിനെ ട്രോളി രംഗത്തെത്തി. '143 176 40 26 0 ഇതൊരു ടോൾ ഫ്രീ നമ്പറല്ല, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ ബംഗാളിലെ സിപിഎമ്മിന്റെ സീറ്റുനിലയാണെ'ന്നായിരുന്നു സലാമിന്റെ പരിഹാസം.

പിന്നാലെ എം.എം. മണി മറുപടിയുമായി വീണ്ടുമെത്തി. 24 38 22 21 ഇതൊരു ഫാൻസി നമ്പറല്ല. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ 140-ൽ കോൺഗ്രസിന്റെ നിലയാണെന്നായിരുന്നു ട്രോൾ. അതിനിടെ പി.വി. അൻവർ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തി. 110 അല്ല, ട്രെയിനിൽ 140-ഓ അതിലധികമോ, എത്ര സീറ്റും ബുക്ക് ചെയ്ത് നേടാനാകും. പക്ഷേ, ഇത് കേരളമാണ്. ജനങ്ങളാണ് തീരുമാനിക്കുക. ജനങ്ങൾ എടുത്ത തീരുമാനം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതുമാണ് എന്ന പോസ്റ്റ് പങ്കുവെച്ചു. ട്രെയിനിന്റെ ഉൾവശത്തെ ചിത്രം ഉൾപ്പെടെയായിരുന്നു അൻവറിന്റെ പോസ്റ്റ്.

 
 
 
 

Content Highlights: From Facebook Feuds to Election Foreshadowing: Kerala's Political Discourse Online