'ചിപ്സൺ കമ്പനി ഹെലികോപ്റ്റർ നൽകിയത് സർക്കാർ പറഞ്ഞിട്ട്'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ഹെലികോപ്റ്റർ യാത്രയിൽ ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന പോലീസ് മേധാവി. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടുകൾക്ക് വിരുദ്ധമായ സത്യവാങ്മൂലമാണ് ഡിജിപി സമർപ്പിച്ചിരിക്കുന്നത്.
നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്സൺ കമ്പനിയുടെ ഹെലികോപ്റ്റർ ലഭ്യമാക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കുന്നു. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് പോലീസ് മേധാവി ഈ വിവരങ്ങൾ വ്യക്തമാക്കിയത്. പരാതിക്കാരന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും പരാതി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
യാത്രയുടെ പൂർണ്ണ ചെലവുകൾ വഹിച്ചത് ഒരു സ്പോൺസർ ആണെന്നായിരുന്നു മുൻപ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ലോകായുക്തയ്ക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്പോൺസർ ആരെന്നോ ഉള്ള ഒരു പരാമർശവുമില്ല. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ചിപ്സൺ കമ്പനി ഹെലികോപ്റ്റർ ലഭ്യമാക്കിയതെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ പണം നൽകിയതായി സത്യവാങ്മൂലത്തിൽ പറയുന്നില്ല. ആരാണ് പണം നൽകിയതെന്നും സൂചനകളില്ല.
മുൻപ് മാസവാടക നിശ്ചയിച്ചുകൊണ്ടായിരുന്നു സർക്കാർ ചിപ്സന്റെ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. യുഡിഎഫ് സർക്കാർ പഴയ നിലയിൽ കരാർ പുതുക്കുന്നതിന് പകരം ഉപയോഗിക്കുന്നതിന് വാടക നൽകാം എന്ന നിർദേശം വച്ചു. എന്നാൽ കരാർ കാലാവധി അവസാനിക്കാറായപ്പോൾ, മണിക്കൂറിന് മാത്രം പണം നൽകുന്ന രീതിയിൽ പുതിയ കണ്ടീഷനുകളോടെ അപേക്ഷ സമർപ്പിച്ച് കരാർ പുതുക്കാനുള്ള കമ്പനിയുടെ ഫയൽ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലിരിക്കെ കമ്പനിയിൽ നിന്ന് സൗജന്യ സേവനം സ്വീകരിച്ചത് അഴിമതിയാണെന്നാണ് ആരോപണം.
മുൻ കരാർ പ്രകാരം ചിപ്സൺ കമ്പനിക്ക് രണ്ടു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതിന് സർക്കാർ തയ്യാറായിരുന്നില്ല. സെപ്റ്റംബറിൽ കരാർ കാലാവധി അവസാനിച്ച ശേഷം ആ കമ്പനിയെ വീണ്ടും പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി. ബോധിപ്പിച്ചു.
ചിപ്സന് വഴിവിട്ട് കരാർ പുതുക്കി നൽകാനുള്ള നീക്കങ്ങളോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ഡി.ജി.പി പിന്തുണ നൽകുന്നുണ്ട്. എന്നാൽ സ്പോൺസറാണ് യാത്രയൊരുക്കിയത് എന്ന വാദം തെറ്റാണെന്നോ അല്ലെങ്കിൽ ഈ സ്പോൺസർ ചിപ്സൻ ആണെന്നോ സത്യവാങ്മൂലത്തിലില്ല. ഇത് സർക്കാർ നിലപാടിന് വിരുദ്ധമാണ്.