പി.ജെ. ജോസഫിന് കാബിനറ്റ് പദവി വൈകുന്നു; യു.ഡി.എഫിൽ അമർഷം, മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ മോൻസ് ജോസഫ്

തിരുവനന്തപുരം: പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകുന്നതിൽ കേരള കോൺഗ്രസിൽ അമർഷവും അതൃപ്തിയും പുകയുന്നു. യു.ഡി.എഫ്. സർക്കാരിൽ മുസ്‌ലിംലീഗിനും ഒരുസീറ്റിൽപ്പോലും മത്സരിക്കാത്ത ഫോർവേർഡ് ബ്ലോക്കിനും ക്യാബിനറ്റ് റാങ്കോടെ പദവികൾ നൽകിയിട്ടും, മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ അവഗണിക്കുന്നതിലാണ് പാർട്ടിക്ക് അമർഷമുള്ളത്. വിഷയങ്ങൾ യു.ഡി.എഫിൽ കൂട്ടായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി മോൻസ് ജോസഫ് രംഗത്തെത്തിയിട്ടുമുണ്ട്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുന്ന വേളയിൽതന്നെ പി.ജെ. ജോസഫിനായി ഒരു കാബിനറ്റ് പദവി കേരള കോൺഗ്രസ് ആവശ്യപ്പെടുകയും തത്ത്വത്തിൽ ധാരണയാവുകയും ചെയ്തിരുന്നു. ഭരണപരിഷ്‌കാര കമ്മിഷൻ, വയോജന കമ്മിഷൻ അല്ലെങ്കിൽ കാർഷിക കടാശ്വാസ കമ്മിഷൻ ചെയർമാൻ സ്ഥാനങ്ങളിലൊന്നാണ് പാർട്ടി ലക്ഷ്യമിട്ടിരുന്നത്. നിലവിൽ മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പായ അപ്പു ജോൺ ജോസഫിനും (പി.ജെ. ജോസഫിന്റെ മകൻ) മാത്രമാണ് കേരള കോൺഗ്രസിന്റെ പ്രതിനിധികളായി കാബിനറ്റ് പദവിയുള്ളത്.
എന്നാൽ മറ്റു ഘടകകക്ഷികൾക്ക് പദവികൾ നൽകിയപ്പോഴും പി.ജെ. ജോസഫിനെ ഒഴിവാക്കിയതിന് യു.ഡി.എഫ്. നേതൃത്വത്തിന് ന്യായീകരണമില്ലെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം നേരിട്ട് ധരിപ്പിക്കുന്നതിനായി മന്ത്രി മോൻസ് ജോസഫ് എറണാകുളത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന പാർട്ടി അന്ന് മുന്നണി ഐക്യത്തിനായി വിട്ടുവീഴ്ച ചെയ്യുകയായിരുന്നെന്ന് നേതാക്കൾ ഓർമിപ്പിച്ചു. മധ്യതിരുവിതാംകൂറിൽ രാഷ്ട്രീയ സന്തുലനം നിലനിർത്തുന്നതിനും പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനും പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകുന്നത് ഗുണംചെയ്യുമെന്നാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ.