വോട്ടുകൾ ചിതറിക്കപ്പെടുന്നു, കേരള കോൺഗ്രസുകൾ ഒന്നിക്കണം- മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി: കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം അതിരൂപത ആസ്ഥാനത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി.ജെ. ജോസഫ് എന്നും, കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ മറുപടിപ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്, കെ.സി. ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, ഗ്രന്ഥകാരൻ ഡോ. ജോബിൻ എസ്.കൊട്ടാരം എന്നിവർ പ്രസംഗിച്ചു. എസ്.ബി. കോളേജ് പ്രിൻസിപ്പൽ റവ ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ, ശതാഭിഷിക്തനായ കോളേജിലെ പൂർവവിദ്യാർഥികൂടിയായ പി.ജെ. ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
Content Highlights: Mar Thomas Tharayil calls for unity of Kerala Congress factions.