സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

#ന്യൂസ് ഡെസ്ക്
കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റ്, സണ്ണി ജോസഫ്
കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റ്, സണ്ണി ജോസഫ്

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റിട്ട് കേരളത്തിലെ കോൺഗ്രസ്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. വിമർശനമുയർന്നതോടെ പോസ്റ്റ് പിൻവലിച്ചു. എക്‌സ് അക്കൗണ്ട് കൈകാര്യംചെയ്യുന്നവർക്ക് സംഭവിച്ച വീഴ്ചയാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ഡൽഹിയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ സുപ്രീംകോടതിയിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റിട്ട് ഹർജി ഫയൽ ചെയ്യാനിരിക്കെയായിരുന്നു സംസ്ഥാനത്തെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ടിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൂര്യകാന്തിന് ക്രമസമാധാന ചുമതല നോക്കാൻ കഴിയുന്നില്ലെങ്കിൽ ജോലി രാജിവെച്ചുപോകണമെന്നും അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നുമായിരുന്നു പോസ്റ്റ്.

‘പ്രിയ സൂര്യകാന്ത്, ക്രമസമാധാന ചുമതല പാലിക്കാൻ നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കിൽ ഉടൻ രാജിവെച്ചൊഴിയൂ, അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റ്. ഇത് ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് പിൻവലിപ്പിച്ചു. പിന്നാലെ വിവാദ പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താക്കുറിപ്പിറക്കി.

കെ.പി.സി.സി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് ഔദ്യോഗിക പേജിലൂടെ ഈ പോസ്റ്റിട്ടതെന്നും  വിവേകശൂന്യമായ ഈ കൃത്യം നിർവഹിച്ച വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയെന്നുമാണ് കെ.പി.സി.സി. അറിയിക്കുന്നത്. പോസ്റ്റ് സംബന്ധിച്ച സാഹചര്യം കെ.പി.സി.സി. പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക് ഒരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ കെ.പി.സി.സി.യുടെ നിലപാടല്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.

Content Highlights: Kerala Congress posted a controversial demand on X for CJI Surya Kant's resignation., The post was quickly deleted after national media attention and high command intervention.