നടക്കുന്നത് വോട്ട് ചോരി; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെതിരെ സാംസ്‌കാരിക പ്രവർത്തകർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകുന്നതിനെതിരെ സാംസ്‌കാരിക പ്രവർത്തകർ. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാൽ നൽകുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സാഹിത്യകാരന്മാരായ എം. എൻ. കാരശ്ശേരി, കല്പറ്റ നാരായണൻ, കെ. ജി. ശങ്കരപ്പിള്ള, യു. കെ. കുമാരൻ, എസ്. ജോസഫ്, ഡോ ആസാദ്, ഡോ സി.ജെ ജോർജ്, സാറാ ജോസഫ് എന്നിവരാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ നടക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമല്ലാതിയിട്ടുണ്ടെന്നും എഴുത്തുകാർ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്, വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. മെയ് 4ന് തെരഞ്ഞെടുപ്പുഫലം വന്നതാണ്. പത്തു ദിവസമാകുന്നു. കോൺഗ്രസ്സിന്റെ സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ഇനിയും പരിഹാരം കണ്ടേത്താനായിട്ടില്ല.
എന്താണ് ഈ പ്രശ്‌നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാൻ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാൻ ജനവിധി അട്ടിമറിക്കുന്നതിൽപോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാൻ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങൾ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാൽ നൽകുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ എന്നു പറയേണ്ടിവരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ തങ്ങളുടെ കൂട്ടത്തിൽനിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാൾ തെരഞ്ഞെടുപ്പിൽ തോൽക്കാനിടയായാൽ ചിലപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗർഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അിച്ചേൽപ്പിക്കപ്പെട്ടതാണ്. അതിൽ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാർഹമായ സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
വൈകിയവേളയിൽ തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോൺഗ്രസ്സിന്റേ ആഭ്യന്തരപ്രശ്‌നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങൾ അവരെ ഓർമ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങൾക്കെതിരായ യുദ്ധമാണ്. അതിൽ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിന്റെ ജനാധിപത്യധർമ്മമാണ്.
കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദർഭത്തിന്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർ ജനാധിപത്യധ്വംസനത്തിന് ഇട നൽകാതെ ജനവികാരം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാൻ ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക പ്രവർത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്യുന്നു. പൊതുസമൂഹത്തിനൊപ്പം കൈകോർത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീർക്കാനും അഭ്യർത്ഥിക്കുന്നു.
Content Highlights: Cultural leaders criticize Congress for delaying the Chief Minister selection process., Accusations of undermining democratic mandates and internal conspiracy., Demand to respect the public's verdict and legislative election norms., Call for a 'Democracy Protection Day' to protest against the political situation.