സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ബഷീർ

#രാകേഷ് കെ. നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് ടാർ റോഡുകൾക്കുപകരം കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ. നിലവിൽ ബിറ്റുമിൻ ഉപയോഗിച്ചാണ് (ബ്ളാക്ക് ടോപ്പിങ്) റോഡ് നിർമാണം. ഇതിനുപകരം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് നിർമാണരീതി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന.

ദീർഘകാലം തകരാതെ നിൽക്കുമെന്നതാണ് കോൺക്രീറ്റ് റോഡുകളുടെ മെച്ചം. പരിപാലനച്ചെലവും കുറയുന്നത് നേട്ടമാകും. അതേസമയം, നിർമാണച്ചെലവ് ഉയരും. പ്രതലത്തിൽ കോൺക്രീറ്റ് പാളി ഉപയോഗിക്കുമ്പോൾ റോഡിന് റിജിഡ് പേവ്‌മെന്റ് സ്വഭാവം ലഭിക്കുന്നതിനാൽ 25-30 വർഷംവരെ ഈടുനിൽക്കും.

സംസ്ഥാനത്ത് ആലപ്പുഴയിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി 7.20 കിലോമീറ്റർ 24.50 കോടി രൂപ മുടക്കി വൈറ്റ് ടോപ്പിങ് നടപ്പാക്കിയിട്ടുണ്ട്. കളമശ്ശേരിയിലും അഞ്ച് കിലോമീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം-കാരോട് റോഡിൽ മുക്കോല മുതൽ കാരോട് വരെയുള്ള 16.4 കിലോമീറ്റർ ദൂരം കോൺക്രീറ്റ് പാതയാണ്.

ഈ റോഡുകളെ വിലയിരുത്തിയാണ് കോൺക്രീറ്റ് റോഡുകളുടെ സാധ്യത പരിശോധിക്കുന്നത്. ബെംഗളൂരുവിൽ വൈറ്റ് ടോപ്പിങ്ങിലൂടെ 9000 കോടിയുടെ നഗരറോഡുകൾ നിർമിച്ചിട്ടുണ്ട്. വൈറ്റ് ടോപ്പിങ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പിലെ വിദഗ്‌ധസംഘം ബെംഗളൂരു സന്ദർശിക്കും.

കോൺക്രീറ്റ് റോഡുകൾ അനുയോജ്യം

സംസ്ഥാനത്ത് മഴ കൂടുതൽ പെയ്യുന്നതിനാൽ കോൺക്രീറ്റ് റോഡുകൾ കൂടുതൽ അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ. തകരാറുണ്ടായാൽ ആ ഭാഗം മാത്രം പൊളിച്ചുപണിതാൽ മതിയാകും. പ്രതലം കൂടുതൽ ഉറപ്പുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് കൂടുതൽ മൈലേജ് ലഭിക്കും. ടയറുകളുടെ ആയുസ്സും കൂടും.

പഠനം നടത്തും – മന്ത്രി പി.കെ. ബഷീർ.

വൈറ്റ് ടോപ്പിങ്ങിന്റെ സാധ്യതയെക്കുറിച്ച് പഠനംനടത്തും. സാമ്പത്തിക പ്രായോഗികതകൂടി കണക്കിലെടുത്ത് പ്രധാന റോഡുകളിൽ ഇത് പ്രയോജനപ്പെടുത്തും – മന്ത്രി പി.കെ. ബഷീർ.

Content Highlights: The government is considering replacing bitumen roads with concrete roads (white topping) for longer durability and reduced maintenance costs, despite higher initial construction expenses. Concrete roads have been implemented in Alappuzha and Kalamassery, with further evaluation based on these projects and a study of Bangalore's extensive white topping initiative. Concrete roads are deemed suitable for the state's heavy rainfall, offering benefits like increased mileage for heavy vehicles and longer tire life, with plans for further feasibility studies by the Public Works Department.