താഴ്ന്നിറങ്ങി തേങ്ങവില; ഒരുമാസംകൊണ്ട് കുറഞ്ഞത് 17 രൂപ, വെളിച്ചെണ്ണ വില 400-ൽനിന്ന് 370-ലേക്ക്

കാഞ്ഞങ്ങാട്: നാളികേര കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് തേങ്ങവിലയിൽ ഇടിവ്. നവംബറിന്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വിലയാണ് പടിപടിയായി 17 രൂപ താഴ്ന്ന് വെള്ളിയാഴ്ച 53-ലെത്തിയത്. നവംബർ പകുതിയോടെയാണ് വിലയിൽ ഇറക്കം തുടങ്ങിയത്. നവംബറിൽ വില അഞ്ച് രൂപ കുറഞ്ഞ് 65-ലെത്തിയിരുന്നു. നവംബർ 30-ന് വീണ്ടും മൂന്നുരൂപ കുറഞ്ഞ് 62-ലെത്തിയ വില ഡിസംബറിന്റെ തുടക്കത്തിൽ വീണ്ടും ആറ് രൂപകുറഞ്ഞ് 56-ലെത്തി. കഴിഞ്ഞദിവസം വീണ്ടു മൂന്നുരൂപ കുറഞ്ഞ് 53-ലേക്ക് താഴ്ന്നു.
ജനുവരിയിലെ വിലയിലേക്കാണ് ഇപ്പോൾ തേങ്ങവിപണി താഴ്ന്നിരിക്കുന്നത്. 2024 ജനുവരിയിൽ 53 രൂപയായിരുന്ന തേങ്ങവില മാർച്ചിൽ 54-ആയും ഏപ്രിലിൽ 58-ആയും ഉയർന്നു.
ജൂൺ അവസാനത്തോടെയാണ് വിലയിൽ ഗണ്യമായ മാറ്റം സംഭവിച്ചത്. ജൂൺ അവസാനവാരം 57-ൽനിന്ന് 67-ലേക്കുയർന്ന വില ദിവസങ്ങൾക്കുള്ളിൽ 75 രൂപയിലെത്തുകയായിരുന്നു. തേങ്ങ വിലയിടിവ് വെളിച്ചെണ്ണയുടെ വിലയിൽ പ്രതിഫലിച്ചുതുടങ്ങിയത് അടുക്കളകൾക്ക് ആശ്വാസമായി. നവംബറിൽ ഒരു കിലോ വെളിച്ചെണ്ണവില 400 രൂപയായിരുന്നു. നിലവിൽ 15 രൂപ കുറഞ്ഞ് 370-ലെത്തിയിട്ടുണ്ട്. ലിറ്റർ വില 350-360-ലേക്കും താഴ്ന്നു.
ഈ വർഷം തുടക്കത്തിൽ വെളിച്ചെണ്ണ വില 265 രൂപയായിരുന്നു. സാധാരണനിലയിൽ തേങ്ങവിലയിലെ ഇടിവ് വെളിച്ചെണ്ണവിലയിൽ പ്രതിഫലിക്കുന്നതിന് കൂടുതൽ ദിവസമെടുക്കാറുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ നാട്ടിൽ ഉദ്പാദിപ്പിക്കപ്പെടുന്ന തേങ്ങ പ്രധാനമായും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിലവിൽ അയൽ സംസ്ഥാനങ്ങളിൽ തേങ്ങ ഉദ്പാദനം കൂടിയതോടെ കേരളത്തിൽ നിന്നുള്ള തേങ്ങയ്ക്ക് ഡിമാൻഡ് കുറഞ്ഞതാണ് വിലയിടിവ് ഇടയാക്കിയെതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
Content Highlights: Coconut prices have plummeted from ₹70 to ₹53 per kg, impacting farmers. Edible oil prices also see a dip. Learn more about the reasons behind this decline.