കാസർകോട് മോഡലിൽ തീരദേശപട്ടയം വരുന്നു; നടപ്പാകുന്നത് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം

തിരുവനന്തപുരം: താമസിക്കുന്ന സ്ഥലത്തിന് കൈവശാവകാശരേഖ മാത്രമുള്ള തീരദേശ നിവാസികൾക്ക് പട്ടയം നൽകാനുള്ള നടപടികളിലേക്ക് സർക്കാർ. യു.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പാവുന്നത്. 2011-ൽ കാസർകോട് ജില്ലയിൽ 905 പേർക്ക് തീരദേശപട്ടയം നൽകിയ മാതൃകയിൽ സംസ്ഥാനത്തെ പരമാവധി പേർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പട്ടയം നൽകുക.
ആദ്യം സർവേ,പിന്നാലെ പട്ടയം
തീരത്തുനിന്ന് 50 മീറ്റർവരെ തീരദേശ നിയന്ത്രണമേഖലയാണ്. ഇതിനുപുറത്ത് വർഷങ്ങളായി താമസിക്കുന്നവരായിരിക്കും തീരദേശപട്ടയത്തിന്റെ ഗുണഭോക്താക്കൾ. ഏകദേശം 590 കിലോമീറ്റർ തീരദേശമാണ് കേരളത്തിനുള്ളത്. ഇവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്നതിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അവർക്ക് കൈവശാവകാശരേഖ മാത്രമാണുള്ളത്. ഇതുപയോഗിച്ച് ആധാർ, റേഷൻ കാർഡ് എന്നിവയും വൈദ്യുതി കണക്ഷനും എടുക്കാം. വീടുവെച്ച് താമസിക്കുകയും ചെയ്യാം.
നിയമപരമായ ഉടമസ്ഥാവകാശ രേഖയില്ലാത്തതിനാൽ വായ്പയെടുക്കാനോ, പണയംവെക്കാനോ കഴിയില്ല. കൈവശാവകാശ രേഖയിൽ ഓരോരുത്തർക്കുമുള്ള ഭൂമിയുടെ വിസ്തൃതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അളന്നു തിട്ടപ്പെടുത്തിയതല്ല. അതിനായി എല്ലാ ഭൂമിയും സർവേചെയ്യും. സർവേ പൂർത്തിയായശേഷം സെൻട്രൽ സർവേയിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യും. തുടർന്ന് വില്ലേജ് ഓഫീസ് രജിസ്റ്ററുകളിൽ ചേർക്കും. അതിനുശേഷമായിരിക്കും കൈവശാവകാശ രേഖയിൽ പറയുന്ന അളവിലുള്ള ഭൂമിയുടെ പട്ടയം നൽകുക.
സംസ്ഥാനത്ത് തീരദേശ പട്ടയത്തിന് അർഹരായി ചുരുങ്ങിയത് അയ്യായിരം കുടുംബങ്ങളെങ്കിലും ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
കെട്ടിടനിർമാണം നിയമത്തിന് വിധേയം
:തീരദേശപട്ടയം ഭൂമിയുടെ ഉടമസ്ഥാവകാശം മാത്രമാണ്. കെട്ടിടനിർമാണം തീരദേശനിയന്ത്രണ മേഖലയിലെ ചട്ടങ്ങൾക്കും തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനിയമങ്ങൾക്കും വിധേയമായിരിക്കും.
Content Highlights: Implementation of the UDF election manifesto promise regarding coastal land titles., Modelled after the 2011 Kasaragod project which benefited 905 families., Comprehensive land survey to be conducted before issuing formal titles., Covers 590km of Kerala coastline across nine districts., Titles provide ownership rights, enabling bank loans and legal security.