അക്രമവും ലഹരിയുപയോഗവും തടയാന്‍ കോളേജുകളിൽ പോലീസ് നേതൃത്വത്തിൽ സംരക്ഷണസമിതികൾ വരുന്നു

ആലപ്പുഴ: സംസ്ഥാനത്തെ കോളേജ് കാംപസുകളിൽ അക്രമം, ലഹരിയുപയോഗം എന്നിവ തടയുന്നതിനു മുന്നോടിയായി പോലീസ്, സംരക്ഷണസമിതികൾ രൂപവത്കരിക്കുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരമാണു നടപടി. ഓരോ കോളേജിലും കോളേജ് സംരക്ഷണസമിതി (കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) ഉണ്ടാകും.
കോളേജ് അധികൃതർ, വിദ്യാർഥികൾ എന്നിവരുമായി സഹവർത്തിത്വമുണ്ടാക്കൽ, അടിയന്തരസഹായം ലഭ്യമാക്കൽ എന്നീ ലക്ഷ്യങ്ങളുമുണ്ട്. കോളേജ് പ്രിൻസിപ്പലാണ് സമിതി ചെയർപേഴ്സൺ. പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കൺവീനർ. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറും സമിതിയിലുണ്ടാകും.
ജില്ല, സംസ്ഥാന തലങ്ങളിൽ അവലോകനസമിതികളും രൂപവത്കരിക്കും. ജില്ലാസമിതിയുടെ ചുമതല അഡീഷണൽ എസ്‍പിക്കോ ഡിസിപിക്കോ ആയിരിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംസ്ഥാന അവലോകനസമിതിയുടെ പ്രവർത്തനം.
മൂന്നുമാസത്തിലൊരിക്കൽ സംരക്ഷണസമിതി യോഗംചേരണം. ഇതിൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായി വിലയിരുത്തണം. രാഷ്ട്രീയസംഘർഷം, ലഹരിയുപയോഗം, റാഗിങ്, വിദ്യാർഥികൾക്ക് പുറമേനിന്നുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം വിശകലനംചെയ്യും. എല്ലാ പ്രശ്നങ്ങളിലും പോലീസ് സഹായം ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ എസ്എച്ച്ഒമാരും വിവരങ്ങൾ ജില്ലാതല അവലോകനസമിതികളെ അറിയിക്കുകയും മാർഗനിർദേശങ്ങൾ സ്വീകരിക്കുകയും വേണം.
നിലവിൽ കോളേജുകളിൽ ലഹരിക്കെതിരേ എക്സൈസ് വകുപ്പിന്റെ ‘നേർക്കൂട്ടം’ എന്ന സമിതിയുണ്ട്്. കൂടാതെ, ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ‘ശ്രദ്ധ’ എന്ന സമിതിയും പ്രവർത്തിക്കുന്നു. 2024-25 അധ്യയനവർഷം മാത്രം 1,020 നേർക്കൂട്ടങ്ങളും 512 ശ്രദ്ധ സമിതികളും രൂപവത്കരിച്ചിട്ടുണ്ട്.
Content Highlights: Kerala Police are forming College Protection Groups to curb violence & drug use on campuses. Learn how these committees will work to ensure student safety.