മുരളീധരന് ആരോഗ്യം, വിഷ്ണുനാഥിന് വൈദ്യുതി, സാമൂഹികക്ഷേമം ബിന്ദു കൃഷ്ണയ്ക്ക്; വകുപ്പുകളിൽ ഏകദേശ ധാരണ

#ന്യൂസ് ഡെസ്ക്ക്
പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോൺ
പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോൺ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ചവരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണ. ആഭ്യന്തരവും വിജിലൻസും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനം, തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്യുക. കുണ്ടറയിൽനിന്ന് വിജയിച്ച പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.

മുസ്‌ലിംലീഗിൽനിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ, ഐ.ടി. വകുപ്പുകളും കൈകാര്യം ചെയ്‌തേക്കും. കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തെത്തിയ ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ വകുപ്പ് മന്ത്രിയായും പരിഗണിക്കാനിടയുണ്ട്. എക്‌സൈസ് വകുപ്പ് എം. ലിജുവിനും ഗതാഗത വകുപ്പ് സി.പി. ജോണിനും ലഭിച്ചേക്കും. റവന്യൂ മന്ത്രിയായി സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ.പി. അനിൽകുമാറും വരാനിടയുണ്ട്.

ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയായേക്കും. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പരിഗണിക്കുന്നുണ്ട്.

മന്ത്രിമാരുടെ ചർച്ചകൾക്കൊപ്പം വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾകൂടി കെ.പി.സി.സി. ആസ്ഥാനത്ത് തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ നൽകുക. ഇതിൽ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷ്‌റഫിനും വി.ഇ. അബ്ദുൽ ഗഫൂറിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന സൂചനയുണ്ട്.

Content Highlights: V.D. Satheesan to handle Finance and Ports portfolios., Ramesh Chennithala likely to be Home and Vigilance Minister., P.K. Kunhalikutty expected to manage Industries and IT., Term-based ministerial positions planned for Anoop Jacob and Mani C. Kappan., Internal discussions ongoing at KPCC headquarters regarding final portfolio distribution.