ആശ്രിത നിയമനം: ഉറപ്പ് പാലിക്കാത്തവരുടെ ശമ്പളത്തില്‍നിന്ന് 25% തുക പിടിക്കും

തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ ഉറപ്പ് പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം 25 ശതമാനം തുക പിടിക്കാൻ സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ തുക അർഹരായ ആശ്രിതർക്ക് നൽകാനും ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രിസഭയിൽ തീരുമാനമായി.
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്. ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ മേൽ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസ് 2023-ന് അംഗീകാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയർത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 10,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്താനാണ് മന്ത്രിസഭാ തീരുമാനം. മോട്ടോർ വാഹന നിയമ (ഭേദഗതി )ആക്ട് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ പത്തുമടങ്ങ് വർദ്ധിച്ച സാഹചര്യം കണക്കിലെടുത്താണ് നടപടി.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താൽക്കാലിക തസ്തികകൾക്ക് (കേന്ദ്ര പ്ലാൻ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാൻ ഹെഡിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ 1 തസ്തികയും നോൺപ്ലാൻ ഹെഡിലെ 139 തസ്തികകളുമുൾപ്പെടെ) 01.04.2022 മുതൽ 31.03.2023 വരെയും 01.04.2023 മുതൽ 31.03.2024 വരെയും തുടർച്ചാനുമതി നൽകും. സംസ്ഥാനത്തെ 13 എൽ.എ. ജനറൽ ഓഫീസുകളിൽ ഉൾപ്പെട്ട 248 തസ്തികൾക്ക് 01.04.2023 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കേരഫെഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം 01.07.2019 മുതല്‍ പ്രാബല്യത്തിൽ നടപ്പാക്കുന്നതിന് അനുമതി നൽകി. ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സർക്കാർ അംഗീകാരമുള്ള സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കും.
സർക്കാർ ഐ ടി പാർക്കുകളിലെയും അവയുടെ സാറ്റലൈറ്റ് കാമ്പസുകളിലെയും ബിൽറ്റ് - അപ്പ് സ്പെയ്സ്, ഭൂമി എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ഇന്റർനാഷണൽ പ്രോപ്പർട്ടി കൺസൾട്ടൻസിനെ നിയമിക്കുന്നതിന് അനുമതി നൽകി. ട്രാൻസാക്ഷൻ/ സക്സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ഗവൺമെന്റ് ഐ.ടി. പാർക്കുകളിലെ ചീഫ് എക്സിക്യൂട്ടീവുമാർ നിയമനം നടത്തും.
ടെക്നോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഒഴിവാക്കിയ ആറ് ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകൾക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയായി 50,000 രൂപ നൽകും.
Content Highlights: kerala cabinet meet decisions