ജി. സുധാകരൻ പ്രോ ടേം സ്പീക്കർ, നിയമസഭാ സമ്മേളനം മെയ് 21 മുതൽ; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.' മുഖ്യമന്ത്രി പറഞ്ഞു.
'സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.' വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷം വി.ഡി. സതീശൻ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം വകുപ്പ്, ആശ വർക്കർമാർക്കായുള്ള പ്രത്യേക പാക്കേജുകൾ എന്നിവയെക്കുറിച്ചെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച നടത്തിയതായും തീരുമാനങ്ങൾ കൈക്കൊണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Assembly session scheduled to commence on May 21, 2026. G. Sudhakaran appointed as Pro-Tem Speaker. Oath taking of MLAs on May 21, Speaker election on May 22. Governor's policy address scheduled for May 29. New welfare schemes announced for women, elderly, and ASHA workers.