മലബാർ ലക്ഷ്യംവെച്ച് UDF; തിരുവമ്പാടി അടക്കമുള്ള സീറ്റുകൾ കോൺഗ്രസും ലീഗും പരസ്പരം വെച്ചുമാറിയേക്കും

കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ |ഫോട്ടോ: മാതൃഭൂമി
കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ |ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിന് പുറത്തേക്ക് കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗും. കോഴിക്കോട് ജില്ലയിൽ 20 വർഷമായി എം.എൽ.എ ഇല്ലെന്ന ക്ഷീണം തീർക്കാൻ കോൺഗ്രസും കരുക്കൾ നീക്കിത്തുടങ്ങിയതോടെ യു.ഡി.എഫിൽ സീറ്റുകൾ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവം. സീറ്റുകൾ വെച്ചുമാറുന്നതിൽ കോൺഗ്രസിലേയും മുസ്ലീം ലീഗിലേയും മുതിർന്ന നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ഇരുപാർട്ടികളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ഇതുവരെ നേതാക്കൾ തയ്യാറായിട്ടില്ല.

കോഴിക്കോട് ജില്ലയിൽ 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ൽ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളിൽ 11 സീറ്റിലും എൽ.ഡി.എഫ് നേടിയപ്പോൾ കുന്ദമംഗലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു.സി.രാമന് മാത്രമാണ് വിജയം നേടാനായത്.

2011ൽ 13 നിയമസഭാ സീറ്റുകളിൽ 10ലും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാർത്ഥികളായിരുന്നു. തിരുവമ്പാടിയിൽ നിന്നും സി.മോയിൻ കുട്ടിയും കോഴിക്കോട് സൗത്തിൽ നിന്നും എം.കെ.മുനീറും കൊടുവള്ളിയിൽ നിന്ന് വി.എം.ഉമ്മറുമാണ് യു.ഡി.എഫ് പ്രതിനിധികളായി നിയമസഭയിൽ എത്തിയത്. 2016ൽ 13 സീറ്റുകളിൽ 11 സീറ്റും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുളളയും കോഴിക്കോട് സൗത്തിൽ എം.കെ.മുനീറും. ഏറ്റവും അവസാനം നടന്ന 2021ലെ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് കോഴിക്കോട് ജില്ലയിൽ രണ്ട് സീറ്റിൽ ഒതുങ്ങി. വടകരയിൽ ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമയും കോഴിക്കോട് സൗത്തിൽ നിന്ന് മാറിയ എം.കെ മുനീർ കൊടുവളളിയിലും വിജയിച്ചു.

2001ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിന് ആറ് സീറ്റുകളിൽ വിജയിക്കാനായപ്പോൾ രണ്ട് സീറ്റുകളിൽ വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു എന്നതൊഴിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസിന് ആശ്വസിക്കാൻ വകയില്ലെന്നതാണ് മണ്ഡലം വെച്ചുമാറുന്നതിലേക്ക് കോൺഗ്രസിനെയും എത്തിച്ചത്. മലബാറിന് പുറത്ത് കൂടുതൽ ജില്ലകളിൽ സീറ്റുകൾ ലക്ഷ്യമിടുന്ന ലീഗിനും സീറ്റുകൾ വെച്ചുമാറുന്നതിൽ അതൃപ്തി ഇല്ല.


വെച്ചുമാറുന്ന മണ്ഡലങ്ങളുടെ ചരിത്രം

തിരുവമ്പാടി - പട്ടാമ്പി

നിലവിൽ മുസ്ലീം ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുത്ത് മത്സരിച്ചാൽ വിജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 2016ൽ ലീഗ് സ്ഥാനാർത്ഥി വി.എം.ഉമ്മർമാസ്റ്ററെ പരാജയപ്പെടുത്തി സി.പി.എമ്മിലെ ജോർജ്.എം.തോമസ് പിടിച്ചെടുത്ത മണ്ഡലമാണ് തിരുവമ്പാടി. 2021ലും ലീഗിന് മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സി.പി.ചെറിയ മുഹമ്മദിനെ തോൽപ്പിച്ച് സി.പി.എമ്മിലെ ലിന്റോ ജോസഫാണ് തിരുവമ്പാടിയിൽ നിന്നും നിയമസഭയിൽ എത്തിയത്. തുടർച്ചയായി രണ്ട് വട്ടം ലീഗ് തോറ്റ മണ്ഡലം ഏറ്റെടുക്കുന്നത് ഗുണകരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. ഹൈന്ദവ വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയം ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കത്തോലിക്ക സഭാ നേതൃത്വം പോലും മുന്നോട്ടുവച്ചിരുന്നു. ലീഗ് അതിന് വഴങ്ങിയിരുന്നില്ല. ബിഷപ് ഹൗസിലെത്തി കുഞ്ഞാലിക്കുട്ടി അടക്കം ചർച്ചനടത്തിയിരുന്നു.

കോഴിക്കോട്-വയനാട് മേഖലയിൽ ക്രിസ്ത്യൻ സമുദാക്കാരായ ആരും മത്സരിക്കുന്നില്ല എന്ന സാഹചര്യവും സഭാനേതൃത്വം ഉന്നയിച്ചിരുന്നു. ഇത്തവണയും സഭാനേതൃത്വത്തിന്റെ ആവശ്യവും ഉയർന്നേക്കാം. ജില്ലയിലെ പ്രധാന സീറ്റുകളിലൊന്നായ തിരുവമ്പാടി വിട്ടുനൽകുമ്പോൾ ജില്ലയ്ക്ക് പുറത്തുള്ള സീറ്റാണ് ലീഗ് പകരം ആവശ്യപ്പെടുന്നത്. നിലവിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റായ പട്ടാമ്പിയിൽ പാർട്ടിയിലെ യുവനേതാക്കളിലൊരാളെ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കലാണ് ലീഗിന്റെ ലക്ഷ്യം.  

2016 ലെ തിരഞ്ഞെടുപ്പിലാണ് സി.പി.മുഹമ്മദിന്റെ കോട്ടയായിരുന്ന സീറ്റ് മുഹമ്മദ് മുഹ്‌സിനിലൂടെ സി.പി.ഐ പിടിച്ചെടുത്തത്. ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായിരുന്ന മുഹ്‌സിൻ 2021ലും വിജയം ആവർത്തിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയെ മത്സരിപ്പിച്ചിട്ടും കോൺഗ്രസ് ജയിക്കാനായിരുന്നില്ല. കോൺഗ്രസിൽ നിന്നും സി.പി.ഐ പിടിച്ചെടുത്ത ഈ മണ്ഡലം ന്യൂനപക്ഷ വോട്ടുകളുടെ സഹായത്തോടെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. എന്നാൽ പാലക്കാട് വിജയസാധ്യതയുള്ള സീറ്റ് ലീഗിന് കൈമാറുന്നതിനെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടും നിർണായകമാണ്. ജോസ്.കെ മാണി യു.ഡി.എഫിലേക്ക് വന്നാൽ ഈ ഫോർമുല മാറി ഒരുപക്ഷേ തിരുവമ്പാടി-പേരാമ്പ്ര സീറ്റുകൾ വച്ചുമാറാനുള്ള സാധ്യതയുമുണ്ട്.

പേരാമ്പ്ര - കൊയിലാണ്ടി

1980 മുതൽ സി.പി.എമ്മിന്റെ കുത്തകയായ പേരാമ്പ്ര മണ്ഡലത്തിൽ വർഷങ്ങളായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എമ്മാണ് മത്സരിച്ചുവന്നത്. കഴിഞ്ഞ തവണ ജോസ്.കെ.മാണി വിഭാഗം എൽ.ഡി.എഫിലേക്ക് പോയപ്പോൾ പേരമ്പ്രയ്ക്ക് പകരം കുറ്റ്യാടി അവർക്ക് നൽകുകയും സി.പി.എമ്മിൽ പ്രാദേശിക എതിർപ്പ് രൂക്ഷമായപ്പോൾ ഒടുവിൽ തിരിച്ച് സി.പി.എമ്മിന് തന്നെ വിട്ടുനൽകുകയുമായിരുന്നു. യു.ഡി.എഫിലാകട്ടെ ലീഗിന് അധികമായി അനുവദിച്ച മൂന്നു സീറ്റിൽ ഒന്ന് പേരാമ്പ്രയായിരുന്നു. കോങ്ങാടും കൂത്തുപറമ്പുമായിരുന്നു മറ്റ് സീറ്റുകൾ. ലീഗ് സ്ഥാനാർത്ഥിയായി സി.എച്ച്. ഇബ്രാഹിം കുട്ടി മത്സരിച്ചിട്ടും ഇടത് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്ണനോട് 22,592 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ സീറ്റ് ലീഗിൽ നിന്നും തിരിച്ച് വാങ്ങി കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താനുള്ള പുതിയ പരീക്ഷണത്തിനാണ് ശ്രമം. പകരം കൊയിലാണ്ടി സീറ്റ് ലീഗിന് നൽകാനാണ് ആലോചന.

2006ൽ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എയായ പി.ശങ്കരനെ തോൽപ്പിച്ച് സി.പി.എം പിടിച്ചെടുത്ത മണ്ഡലമാണ് കൊയിലാണ്ടി. അന്ന് പി.വിശ്വൻ എംൽഎയായി നിയമസഭയിൽ എത്തിയ ശേഷം പിന്നീട് കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിൽ എത്തിയതെല്ലാം ഇടത് എംഎൽഎമാർ. 2016ലും 2021ലും കോൺഗ്രസ് നേതാവ് എൻ സുബ്രഹ്‌മണ്യനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയെങ്കിലും ഫലം കണ്ടില്ല. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തട്ടം വരെ ചർച്ചയായ 2021ലെ തിരഞ്ഞെടുപ്പിലും മണ്ഡലം ഇടതിനൊപ്പം നിന്നു. ഇത്തവണയും കാനത്തിൽ ജമീല തന്നെയാകും എൽഡിഎഫ് സ്ഥാനാർഥിയെന്ന കണക്കുകൂട്ടലിലാണ് ലീഗ് സ്ഥാനാർഥിയെ പരീക്ഷിക്കാനുള്ള ആലോചന നടക്കുന്നത്. സീറ്റുകൾ പരസ്പരം വച്ചുമാറുന്നതിനാൽ കോൺഗ്രസ്-ലീഗ് അണികളിലും ഈ നീക്കത്തിന് പിന്തുണ കിട്ടിയേക്കാം
 
കണ്ണൂർ - അഴീക്കോട്

കണ്ണൂർ അഴീക്കോട് മണ്ഡലങ്ങൾ വെച്ചുമാറണമെന്ന ആവശ്യം കുറച്ച് കാലമായി കണ്ണൂരിലെ കോൺഗ്രസിനകത്തു നിന്നും ലീഗിനകത്തു നിന്നും ഉയരുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കളെല്ലാം നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ സുധാകരന് കൂടുതൽ വോട്ടുകൾ കിട്ടിയത് അഴീക്കോട് നിന്നാണെന്നിരിക്കെ മണ്ഡലം വെച്ചുമാറാനാണ് ആലോചന. ജില്ലയിൽ ലീഗിന് ഏറ്റവും ശക്തിയുള്ളത് കണ്ണൂർ മണ്ഡലത്തിലാണ്. കോർപറേഷനിൽ നിർണായക ശക്തിയുമാണ് ലീഗ്. കണ്ണൂർ സീറ്റ് കിട്ടിയാൽ ജയിച്ചുകയറാമെന്ന് ലീഗ് കണക്കുകൂട്ടുന്നു.

1991 മുതൽ 2011വരെ എൽഡിഎഫിന്റെ കുത്തകമണ്ഡലമായിരുന്ന അഴീക്കോട് 2011ലെ തിരഞ്ഞെടുപ്പിൽ  കെ.എം ഷാജിയിലൂടെയാണ് മുസ്ലീം ലീഗിലേക്ക് എത്തുന്നത്. 2016ൽ എം.വി.നികേഷ് കുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും അഴീക്കോട് മണ്ഡലം കൂടുതൽ ഭൂരിപക്ഷം നൽകി ലീഗിനും ഷാജിക്കൊപ്പം നിന്നു. കെ.എം.ഷാജിയെ തോൽപിക്കാൻ സി.പി.എം വാശിയോടെ രംഗത്തിറങ്ങുകയും യുവനേതാവായ കെ.വി.സുമേഷിനെ കളത്തിലിറക്കുകയും ചെയ്തപ്പോൾ ലീഗിന് കഴിഞ്ഞതവണ അടിതെറ്റി. കണ്ണൂർ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയതയും ലീഗിനകത്തെ പ്രശ്‌നങ്ങളും തിരിച്ചടിയായി.  ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയാൽ രണ്ട് സീറ്റും പിടിച്ചെടുക്കാം എന്നാണ് ആലോചനയ്ക്ക് പിന്നിലെ നേതൃത്വത്തിന്റെ ആത്മവിശ്വാസം.

എൽ.ഡി.എഫിൽ കോൺഗ്രസ് എസ്സിന്റെ സീറ്റായ കണ്ണൂർ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ പത്ത് വർഷമായി പ്രതിനിധീകരിക്കുന്നത് കടന്നപ്പള്ളി രാമചന്ദ്രനാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ സീറ്റ് സി.പി.എം തിരിച്ചെടുക്കുമെന്നാണ് സൂചന.  55 ഡിവിഷനുകളുള്ള കണ്ണൂർ കോർപ്പറേഷനിൽ നിലവിൽ ലീഗിന് 14 കൗൺസിലർമാരാണ് ഉള്ളത്. ന്യൂനപക്ഷ വോട്ടുകൾ വോട്ടുകൾ കൂടുതലുള്ള കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ലീഗ് ക്യാമ്പ് സജീവമല്ലാതാകുന്നത് സതീശൻ പാച്ചേനിയുടെ തോൽവിക്ക് രണ്ട് തവണയും കാരണമായെന്ന വിലയിരുത്തൽ കൂടി പരിഗണിച്ചാണ് മണ്ഡലം ലീഗിന് കൈമാറാനുള്ള ആലോചനയ്ക്ക് പിന്നിൽ. എന്നാൽ ജില്ലയിൽ കോൺഗ്രസിന് ജയിക്കാൻ ഇരിക്കൂർ കഴിഞ്ഞാൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ലീഗിന് കൈമാറാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയ എതിർപ്പിന് വഴിവച്ചേക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകമായതിനാൽ അദ്ദേഹത്തിന്റെ നിലപാടും നിർണായകമാകും

Content Highlights: kerala assembly election 2026-UDF preparation-congress-muslim league