'ഈ കപ്പൽ പൊങ്ങാൻ കഴിയാത്തവിധം മുങ്ങി, സർക്കാർ ഇരുട്ടിൽ തപ്പുന്നു';അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം

എൻ. ഷംസുദ്ദീൻ | Photo: Sabha TV
എൻ. ഷംസുദ്ദീൻ | Photo: Sabha TV

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും, യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ വിമർശനം. പകർച്ചവ്യാധിയല്ലെങ്കിൽ പോലും രോഗം ക്രമാതീതമായി വർധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് എൻ. ഷംസുദ്ദീൻ എംഎൽഎ കുറ്റപ്പെടുത്തി. ഈ കപ്പൽ പൊങ്ങാനാവാത്ത വിധം മുങ്ങിയെന്നും കപ്പിത്താനുണ്ടായിട്ട് കാര്യമില്ല കപ്പൽ മുങ്ങിയെന്നും ആരോഗ്യമന്ത്രിയെ പരഹസിച്ചുകൊണ്ട്  എൻ. ഷംസുദ്ദീൻ പറഞ്ഞു. 

കേരളത്തിൽ അതിവേഗം പടർന്നുപിടിക്കുന്ന ഈ രോഗം ബാധിച്ച് ഇതിനകം ഇരുപതോളം പേർ മരിക്കുകയും നൂറോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ പ്രാദേശികമായി കാണുന്ന രോഗം, ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമീബയുള്ള വെള്ളത്തിൽ കുളിക്കുന്ന 26 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം വരാൻ സാധ്യതയുള്ള അത്യപൂർവമായ ഈ രോഗം കേരളത്തിൽ വ്യാപകമാകുന്നതിൽ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് അമേരിക്കൻ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (CDC) പഠനം ഉദ്ധരിച്ച് എംഎൽഎ വിമർശിച്ചു. 

എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിന് യാതൊരുവിധ വ്യക്തതയുമില്ല. ജനങ്ങൾ ആശങ്കയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ, പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ഒരു കർമ്മ പദ്ധതി തയ്യാറാക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്" എന്ന ആപ്തവാക്യം സർക്കാർ വിസ്മരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രോഗബാധിതരുടെയും മരിച്ചവരുടെയും യഥാർത്ഥ കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്നു ദിവസം മുമ്പ് വരെ മരിച്ചത് രണ്ടു പേരാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മാധ്യമങ്ങളിൽ ആക്ഷേപം വന്നപ്പോൾ ലിസ്റ്റ് പരിഷ്കരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി. പിന്നീട് രണ്ടുപേർ കൂടി മരിച്ചതോടെ എണ്ണം 19 ആയി. സർക്കാർ രേഖകൾ പ്രകാരം 66 പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്നും, ഇത് മറച്ചുവെച്ച് മേനി നടിക്കാനാണ് മന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും ഇത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു.

കുളത്തിലോ പുഴയിലോ കുളിക്കുന്നതിലൂടെയാണ് രോഗം വരുന്നതെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ വീട്ടിൽ കുളിച്ചവർക്കും, നാലുമാസം പ്രായമായ കുഞ്ഞിനും രോഗം വന്ന് മരിച്ചത് രോഗവ്യാപനത്തെക്കുറിച്ച് കൂടുതൽ ദുരൂഹത ഉയർത്തുന്നുവെന്നും അദ്ദേഹം സഭയിൽ  പറഞ്ഞു. 

Content Highlights: Opposition alleges Kerala govt is hiding the actual death toll from Amoebic Meningitis