ബി. അശോകിനെ വി.സി.യുടെ ഓഫീസിലെ ഫയൽ നീക്കത്തിന്റെ പേരിൽ കുടുക്കാൻ നീക്കം

#സ്വന്തം ലേഖകൻ
ബി. അശോക്| Image: Screengrab\ Mathrubhumi news
ബി. അശോക്| Image: Screengrab\ Mathrubhumi news

തൃശ്ശൂർ: കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ബി. അശോകിനെ ഓഫീസിലെ ഫയൽ നീക്കത്തിന്റെ പേരിൽ കുടുക്കാൻ നീക്കം. സർ‍വകലാശാലയിലെ വി.സി. ഓഫീസിൽ അശോക് ഹാജരാകുന്നില്ലെന്നും അതിനാൽ ഫയലുകൾ നീങ്ങുന്നില്ലെന്നുമാണ് സർവകലാശാലയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. അശോകുമായി ഏറ്റുമുട്ടലിലായിരുന്ന ഒരു വിഭാഗമാണ് ഇക്കാര്യം കാണിച്ച് പരാതിപ്പെടാനൊരുങ്ങുന്നത്.

നിലവിൽ വൈസ് ചാൻസലർ എന്ന പദവി മാത്രമാണ് അശോകിനുള്ളത്. സൈനിക ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അശോകിനെ ഏപ്രിൽ 29-ന് സസ്പെൻഡ് ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കേയാണ് അശോകിന് 2023 മാർച്ചിൽ വൈസ് ചാൻസലറുടെ അധികച്ചുമതല നൽകിയത്.

വി.സി.യുടെ അധിക ചുമതല കൂടി നൽകുന്നുവെന്ന് കാണിച്ച ഉത്തരവിൽ അശോകിന്റെ പേരിനു പകരം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്ന പദവിയാണ് കാണിച്ചിരുന്നത്. അന്ന് അശോകിനെ വി.സി. ആക്കിയത് ചോദ്യംചെയ്ത് സി.പി.എം. അനുകൂല സംഘടനകളുടെ രണ്ടു ഹർജികൾ ഹൈക്കോടതിയിലെത്തി. കോടതി നടപടിയിലെ നൂലാമാലകൾ ഒഴിവാക്കാൻ അശോകിന്റെ പേര് ഉൾപ്പെടുത്തി വി.സി.യാക്കി നിയമിച്ചുകൊണ്ടുളള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ, മറ്റു പദവികൾ ഇല്ലാതായാലും വി.സി. പദവി നിലനിൽകുമെന്നുള്ള സ്ഥിതി വന്നു.

വി.സി.യെ സ്ഥാനത്തുനിന്ന് നീക്കുകയോ പുതുതായി നിയമിക്കുകയോ ചെയ്യണമെങ്കിൽ ചാൻസലറായ ഗവർണർ ഇക്കാര്യം പ്രോ-ചാൻസലറായ കൃഷിമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കാവൂ എന്ന് സർവകലാശാലയുടെ നിയമത്തിലുണ്ട്. ഇതേവരെ മറ്റു പദവികളും വഹിച്ചിരുന്നതിനാൽ തിരുവനന്തപുരത്ത് തങ്ങിയായിരുന്നു അശോക് വി.സി.യുടെ ചുമതല നിർവഹിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വി.സി.യുടെ ചുമതല മാത്രമാണുള്ളതെന്നതിനാലാണ് തൃശ്ശൂരിലുള്ള കാർഷിക സർവകലാശാലയിലെ വി.സി.യുടെ ഒാഫീസിൽ എത്തണമെന്ന് സർവകലാശാലയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

അശോകിന്റെ മറുപടി- വൈസ് ചാൻസലറുടേത് അധികച്ചുമതലയായതിനാൽ എവിടെ വൈസ് ചാൻസലർ സന്നിഹിതനാണോ അവിടെയാണ് ഒാഫീസ്. സർവകലാശാലയുടെ എല്ലാ ഫയലുകളും ഇന്നലെ വന്നതടക്കം ക്ലിയർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ പരാതിക്ക് അടിസ്ഥാനമില്ല. മറ്റെന്തെങ്കിലും താത്പര്യത്തിന്റെ പുറത്തായിരിക്കും സംസാരിക്കുന്നത്. അതിനോട് പ്രതികരിക്കാൻ താത്പര്യവുമില്ല.

Content Highlights: Allegations against B. Ashok regarding absence from the Thrissur office., B. Ashok clarifies that all university files are being cleared promptly., Legal context regarding the VC appointment and Governor's role., Conflict between university factions and the current VC.