മന്ത്രിയുടേയും മുൻമന്ത്രിയുടേയും തർക്കത്തിനിടയാക്കിയ 26 രൂപയുടെ അരി സൂപ്പർ ഹിറ്റ്; ആവശ്യക്കാരേറുന്നു

ആലപ്പുഴ: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും മുൻമന്ത്രി ജി.ആർ. അനിലും തമ്മിൽ വാക്പോരിനിടയാക്കിയ 26 രൂപയുടെ അരി റേഷൻകടകളിൽ സൂപ്പർഹിറ്റ്. വിതരണത്തിനെത്തിച്ച 20,000 ടൺ അരിയിൽ 16,468 ടണ്ണും ഓണത്തിനു മുൻപേ വിറ്റു. 12 ജില്ലകളിൽനിന്ന് അരി വീണ്ടും ആവശ്യപ്പെട്ടതോടെ 10,000 ടൺകൂടി എത്തിച്ചു. ഓഗസ്റ്റിലെ വിതരണം തീരാൻ ഏതാനും ദിവസം കൂടിയുള്ളതിനാൽ ബാക്കിയും വിറ്റുതീരുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.
റേഷൻവിഹിതം കുറവുള്ള വെള്ളക്കാർഡുകാരാണ് കൂടുതലും വാങ്ങിയത്- 7,898 ടൺ. നീലക്കാർഡുകാർ 6,206 ടണ്ണും പിങ്കുകാർഡുകാർ 2,341 ടണ്ണും വാങ്ങി. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളും അരി വാങ്ങി. 23 ടൺ അരിയാണ് തവിട്ടുകാർഡുള്ള അന്തേവാസികൾ വാങ്ങിയത്. ഏറക്കുറെ ഗുണനിലവാരമുള്ള അരി വിതരണംചെയ്യാനായതാണ് വിൽപ്പന കൂട്ടിയത്.
നീല, വെള്ള, തവിട്ട് കാർഡുകാർക്ക് പരമാവധി 10 കിലോയും പിങ്കുകാർഡിന് പരമാവധി മൂന്നുകിലോയുമാണു നൽകിയത്. ഉത്സവകാലങ്ങളിൽ കേന്ദ്രസർക്കാർ മുൻപത്തെപ്പോലെ അധികവിഹിതം കുറഞ്ഞനിരക്കിൽ അനുവദിക്കാഞ്ഞതിനാൽ സംസ്ഥാനം എഫ്.സി.ഐ.യിൽനിന്ന് ഓപ്പൺമാർക്കറ്റ് സെയ്ൽസ് സ്കീമിൽ (ഒ.എം.എസ്.എസ്.) അരിവാങ്ങി വിൽക്കുകയായിരുന്നു. കിലോയ്ക്ക് 23.20 രൂപ നിരക്കിൽ വാങ്ങിയ അരി, കൈകാര്യച്ചെലവടക്കം കണക്കാക്കിയാണ് 26 രൂപയ്ക്കു വിറ്റത്. നിലവിലെ റേഷൻവിഹിതത്തിനു പുറമേയാണിത്.
ഓണക്കാലത്ത് യു.ഡി.എഫ്. സർക്കാർ അരി കുറയ്ക്കുകയും വിലകൂട്ടുകയും ചെയ്തെന്ന് ജി.ആർ. അനിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ മന്ത്രി അനൂപ് ജേക്കബ് രംഗത്തുവന്നു. എന്നാൽ, സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് യൂണിയൻ മുൻമന്ത്രിയുടെ നിലപാടു തള്ളിയിരുന്നു. 26 രൂപയുടെ അരിവിൽപ്പന റേഷൻകടകളിൽ ആളെക്കൂട്ടുമെന്നും വ്യാപാരികളുടെ വരുമാനം വർധിക്കുമെന്നുമാണ് സി.ഐ.ടി.യു. നിലപാട്.
26 രൂപയുടെ അരി തുടരാൻ ആലോചന
: പൊതുവിപണിയിൽ അരിവില 10 രൂപയിലേറെ കൂടിയ സാഹചര്യത്തിലാണ് റേഷൻകടകൾവഴി 26 രൂപയ്ക്ക് അരി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു പിന്നാലെ പൊതുവിപണിയിലെ വില നാലുരൂപവരെ കുറയ്ക്കാനായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ, 26 രൂപയ്ക്കുള്ള അരിയുടെ വിൽപ്പന തുടരാനാണ് ആലോചന. അന്തിമതീരുമാനം സർക്കാർ കൈക്കൊള്ളണം.
Content Highlights: Over 16,468 tons of Rs 26 rice sold out of 20,000 tons before Onam, An additional 10,000 tons brought in due to high demand across 12 districts, White, blue, and pink cardholders purchased significant shares, Food department considers continuing the Rs 26 rice scheme to control market prices