'ഒരുപാട് പിച്ചിച്ചീന്തിയില്ലേ? മതിയായില്ലേ?; കെസി പക്ഷം എന്നൊന്നില്ലെന്നും കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിൽ അനുയായികൾക്ക് വിഷമമുണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പാർട്ടി ഒരു അന്തിമ തീരുമാനമെടുത്താൽ അത് അംഗീകരിച്ചു മുന്നോട്ട് പോകുക എന്നത് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്നും താൻ അത് ശിരസാവഹിക്കുന്നുവെന്നും അദ്ദേഹം മറുപടി നൽകി. 10 നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള മുഖ്യമന്ത്രിയെ തീരുമാനിച്ചതിനു ശേഷം തിരുവനന്തപുരത്തെത്തിയതായിരുന്നു കെ.സി.
സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ്, ടി. സിദ്ദിഖ്, പഴകുളം മധു, വി.എസ് ശിവകുമാർ, കെ. ജയന്ത്, എം. ലിജു, നാട്ടകം സുരേഷ്, പ്രവീൺ കുമാർ എന്നിവർ വിമാനത്താവളത്തിൽ കെ.സി വേണുഗോപാലിനെ സ്വീകരിക്കാനെത്തിയിരുന്നു.
കോൺഗ്രസിന്റെ ഏറ്റവും പ്രാപ്തരായ എം.എൽ.എമാരാണ് ജയിച്ചു വന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അർഹതയും മാനദണ്ഡങ്ങളും മുൻനിർത്തി മികച്ച മന്ത്രിമാർ ഉണ്ടാകുമെന്നും അവർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തുന്ന കാര്യത്തിൽ നിയുക്ത മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തീരുമാനമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെ.സി. പക്ഷം' എന്നൊന്നില്ലെന്നും അത്തരം വിവാദങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം കർശനമായി പറഞ്ഞു. തന്നെ സ്വീകരിക്കാൻ എത്തിയവർ തന്റെ പക്ഷക്കാരാണെന്ന വാദത്തെ അദ്ദേഹം തള്ളി. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തന്നെ സ്വീകരിക്കാൻ എത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹം കെ.സി പക്ഷമാണോ എന്നും വേണുഗോപാൽ ചോദിച്ചു.
പാർട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് 'പിച്ചിച്ചീന്തുന്നത്' നിർത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പിച്ചിച്ചീന്താവുന്നിടത്തോളം തന്നെ ചീന്തിയില്ലേ ഇനിയെങ്കിലും നിർത്തിക്കൂടേ എന്നും അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും സർക്കാരിന് പിന്തുണ നൽകി മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. തനിക്ക് മറ്റ് പദവികളിലൊന്നും താത്പര്യമില്ലെന്നും ഒരു കോൺഗ്രസുകാരനായി മരിക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ആവർത്തിച്ചു.
രമേശ് ചെന്നിത്തലയുമായും നിയുക്ത മുഖ്യമന്ത്രിയുമായും ചർച്ചകൾ നടത്തിയെന്നും എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Content Highlights: KC Venugopal denies the existence of a 'KC faction' within the party., Emphasized that all party workers must accept AICC leadership decisions., Urged media to stop unnecessary controversies and focus on government support., Confirmed that capable ministers will be selected based on merit., Reiterated his commitment to remaining a loyal Congress worker without personal agenda.