ഗണേഷിന് അതൃപ്തി; CPM ഏറ്റെടുത്ത മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം തിരികെനൽകി സർക്കാർ

തിരുവനന്തപുരം: മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ നീക്കിയ തീരുമാനം മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം സി.പി.എമ്മിന് നൽകിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടേയും പാർട്ടിയുടേയും ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള നടപടി. വിഷയം ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ എല്‍.ഡി.എഫ്. കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരുന്നു.
കേരളാ കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ സ്ഥാനത്തു നിന്ന് മാറ്റി അഡ്വ. എം. രാജഗോപാലന്‍ നായരെ പുതിയ ചെയര്‍മാനായി നിയമിച്ചുകൊണ്ടായിരുന്നു പൊതുഭരണ വകുപ്പിൻ്റെ ഉത്തരവ്. എല്‍.ഡി.എഫിലോ മുന്നണിതലത്തിലോ ചര്‍ച്ച ചെയ്യാതെയായിരുന്നു തീരുമാനം. അതിനാല്‍ തന്നെ കടുത്ത അതൃപ്തിയിലായിരുന്നു കേരളാ കോണ്‍ഗ്രസ് ബി. ഇക്കാര്യം കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്. കണ്‍വീനറേയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേയും അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആർ. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ നിയമിച്ചുകൊണ്ടായിരുന്നു കോർപ്പറേഷൻ രൂപവത്കരിച്ചത്. ബാലകൃഷ്ണപിള്ള യു.ഡി.എഫ്. വിട്ടതോടെ പ്രയാർ ഗോപാലകൃഷ്ണൻ ചെയർമാനായി. പിന്നീട് പിണറായി സർക്കാർ അധികാരത്തിൽവന്നതോടെ ബാലകൃഷ്ണപിള്ള ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു പ്രേംജിത്തിനെ സ്ഥാനത്ത് നിയമിച്ചത്.
അടുത്തിടെ സർക്കാരിനും ചിലവകുപ്പുകൾക്കുമെതിരേ പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ്‌കുമാർ നടത്തിയ പരസ്യവിമർശനങ്ങൾ സി.പി. എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഗണേഷ്‌കുമാർ യു.ഡി.എഫിലേക്ക് തിരികെ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾകൂടി പുറത്തുവന്നതിനുപിന്നാലെയാണ് പാർട്ടിക്ക് നൽകിയിരുന്ന ചെയർമാൻസ്ഥാനങ്ങളിലൊന്ന് തിരിച്ചെടുത്തത്.
എന്നാൽ, ചെയര്‍മാനെ നീക്കിയ ഉത്തരവിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ടെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഉള്‍പ്പടെ സര്‍ക്കാരിനെതിരെ ഉന്നയിച്ചത് വിമര്‍ശനമല്ലെന്നും ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ചൂണ്ടിക്കാട്ടിയതാണെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. അതിന് ഒരു എം.എല്‍.എയ്ക്ക് അധികാരമുണ്ടെന്നും അതിനാണ് ജനങ്ങള്‍ തനിക്ക് വോട്ടു നൽകിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവ് മരവിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും ഗണേഷ് കുമാർ എം.എൽ.എ. പ്രതികരിച്ചു.
വിഷയത്തിൽ ഇടപെടാനില്ലെന്നും കാര്യങ്ങൾ ഭംഗിയായി നടന്നാല്‍ മതിയെന്നുമായിരുന്നു ചെയർമാനെ നീക്കിയ തീരുമാനത്തിൽ എന്‍.എസ്.എസിന്റെ നിലപാട്.
Content Highlights: kb ganesh kumar, cpm to return forward committee chairman position to kerala congress b