നിർത്തിയിട്ട KSRTC ബസിന് പിന്നിൽ ഇടിച്ചു, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
അപകടത്തിൽ മരിച്ച അജാസ്, അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്സും ബൈക്കും
അപകടത്തിൽ മരിച്ച അജാസ്, അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്സും ബൈക്കും

കോവളം: കഴക്കൂട്ടം കാരോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. നേമം പ്രാവച്ചമ്പലം കുളക്കുടിയൂർ വ്യാസവിദ്യാലയത്തിന് സമീപം മരുതറത്തല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സജുമോന്റെയും സുധീനയുടെയും മകൻ മുഹമ്മദ് അജാസ്(19) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4.15- ഓടെ വാഴമുട്ടം തുപ്പനത്ത് കാവിന് എതിരെയുളള രണ്ടുവരി പാതയിലാണ്് അപകടം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് കോവളം ബീച്ചിലേക്ക് വരുകയായിരുന്ന ബസ് തുപ്പനത്ത് കാവിന് എതിരെയുളള ബസ് സ്റ്റോപ്പിൽ ആളിറങ്ങുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് വാഴമുട്ടത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ബസിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞ് ബസിനടിയിൽപ്പെട്ടാണ് അപകടമെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും പോലീസ് പറഞ്ഞു.

ബൈക്കിന്റെ മുൻഭാഗവും വശങ്ങളും അപകടത്തിൽ തകർന്ന് പെട്രോളും ഓയിലും റോഡിലേക്ക് ഒഴുകിയ നിലയിലായിരുന്നു. അപകടത്തെ തുടർന്ന് തിരുവല്ലം-വാഴമുട്ടം കോവളം റൂട്ടിലേക്കുളള വാഹനഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു. തിരുവല്ലം, കോവളം എന്നീ സ്റ്റേഷനുകളിൽ നിന്ന് പോലീസെത്തി വാഴമുട്ടത്ത് നിന്ന് വാഹനങ്ങളെ വാഹനങ്ങളെ കോവളം ഭാഗത്തേക്കുളള സർവ്വീസ് റോഡ് വഴി തിരിച്ചുവിട്ടു. വിഴിഞ്ഞം അഗ്നിരക്ഷാസേനയെത്തി വെളളമൊഴിച്ചാണ് റോഡ് വൃത്തിയാക്കിയത്. തുടർന്ന് ഗതാഗതം പുനരാരംഭിച്ചു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അജ്നാസ്, അജ്റാസ് എന്നിവരാണ് അജാസിന്റെ സഹോദരങ്ങൾ. 

Content Highlights: 19-year-old Muhammed Ajas died in a bike crash on the Kazhakoottam-Karode highway., The accident occurred when his bike hit the rear of a parked KSRTC bus at Vazhamuttam., Traffic was disrupted for half an hour and later restored by police and fire services.