കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റുതന്നെ; പോസ്റ്റ്‌മോർട്ടം നടന്നു

കായംകുളം: വ്യാപാരി വ്യവസായി സമിതി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി വടക്കേ തോപ്പിൽ സെലീന (42) മരിച്ചത് പാമ്പുകടിയേറ്റാണെന്നു സ്ഥിരീകരണം.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ മേൽനോട്ടത്തിൽ വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടന്നു. ദേഹത്ത് പാമ്പു കടിയേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോർട്ട് പിന്നീടേ കിട്ടൂ. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചികിത്സ തേടിയ കായംകുളം താലൂക്കാശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, ബന്ധുക്കളാരും മൊഴി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊറ്റുകുളങ്ങര പാഞ്ചേരിയിൽ പുരയിടത്തിൽവെച്ച് സെലീനയെ പാമ്പു കടിക്കുന്നത്. ബന്ധുവിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിനടുത്തേക്കു വരുമ്പോഴാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്ന പത്താം ക്ലാസിൽ പഠിക്കുന്ന മകൾ എന്തോ ഇഴഞ്ഞുപോകുന്നതു കണ്ടു. ഈ സമയം ഭർത്താവ് നാജിം കാറിലിരിക്കുകയായിരുന്നു. ഉടൻ ഇവർ കാറിൽ എരുവയിലുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തി ചികിത്സ തേടി. പാമ്പുകടിച്ചതാണെന്നു സെലീന പറയുകയും ചെയ്തു. കണങ്കാലിൽ രക്തം പൊടിഞ്ഞ പാടു കണ്ടതിനാൽ ഉടൻ പ്രതിവിഷമുള്ള ആശുപത്രിയിൽ പോകാൻ നിർദേശിച്ചതായി ഇവിടത്തെ ഡോക്ടർ പറഞ്ഞു.
കായംകുളം താലൂക്കാശുപത്രിയിൽ 7.12-ന് എത്തി ഒ.പി. ടിക്കറ്റെടുത്തു. 7.15-ന് രക്തം പരിശോധനയ്ക്കെടുത്തു. വിഷാംശം കണ്ടെത്താത്തതിനാൽ പ്രതിവിഷം നൽകിയില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്തെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
നിരീക്ഷണത്തിലിരുന്ന സെലീന 7.45-ഓടെ ശൗചാലയത്തിൽ പോയി. അവിടെ കുഴഞ്ഞുവീണപ്പോൾ കൂടെയുണ്ടായിരുന്നവർ എടുത്തുകൊണ്ടു വന്നു. 8.10-ഓടെ മരിച്ചു.
കായംകുളത്തുനിന്നു മെഡിക്കൽ കോളേജിലേക്ക് 38 കിലോമീറ്റർ ദൂരമുണ്ട്. റോഡുപണി നടക്കുന്നതിനാൽ എത്താൻ മുക്കാൽ മണിക്കൂറെടുക്കുമെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.
ആശുപത്രിയുടെ വീഴ്ച പരിശോധിക്കണം -കെ.സി. വേണുഗോപാൽ
ആലപ്പുഴ: കായംകുളത്തെയും തിരുവനന്തപുരത്തെയും പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ആശുപത്രിയുടെ ഭാഗത്തു വീഴ്ചയുണ്ടോയെന്നു പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തുനൽകി.
ആന്റിവെനം ഡോക്ടർമാർ നൽകാത്തതാണെന്നുള്ള ആരോപണം ആരോഗ്യമേഖലയുടെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായധനം നൽകണമെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കണം. ജനങ്ങൾക്ക് സഹായം ലഭിക്കാനായി ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അനാസ്ഥ അന്വേഷിക്കണം -ജി. സുധാകരൻ
കായംകുളം: ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു. പാമ്പ് കടിച്ചതാണെന്ന് പാമ്പ് വിളിച്ചുപറയണോ, ഡോക്ടർമാർ എന്തിനാണ് ഇരിക്കുന്നതെന്നും ജി. സുധാകരൻ ചോദിച്ചു. ആന്റിവെനം ഉണ്ടായിട്ടും അത് നൽകാത്തത് അനാസ്ഥയാണ്. രോഗി പറയുന്നത് മുഖവിലയ്ക്ക് എടുക്കണം.-ജി. സുധാകരൻ പറഞ്ഞു.
Content Highlights: Confirmation of death due to snakebite via post-mortem examination., Incident occurred near Kottakulangara, Kayamkulam., Allegations of medical negligence at Kayamkulam Taluk Hospital regarding anti-venom administration., Calls for high-level investigation by political leaders KC Venugopal and G Sudhakaran., Police have registered a case for unnatural death.